തിരുവനന്തപുരം: ഫോൺ വിവാദത്തിൽ അസ്വാഭാവികതയുണ്ടെന്ന് എ.കെ.ശശീന്ദ്രൻ. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ നാളെ തിരുവനന്തപുരത്ത് എൻസിപി നേതൃയോഗം ചേരും. മന്ത്രിസ്ഥാനത്തിന് എൻസിപിക്ക് അവകാശമുണ്ടെന്നും മന്ത്രി ആരാണെന്ന് എൻസിപി തീരുമാനിക്കട്ടയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു
രാജിപിറ്റേന്നും ഗൂഡാലോചനാവാദത്തിൽ ഉറച്ചുനിൽക്കുകയാണ് ശശീന്ദ്രനും എൻസിപിയും . രാവിലെ ശശീന്ദ്രൻ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു.

അതേ സമയം എ.കെ. ശശീന്ദ്രനെതിരായ ലൈംഗിക സംഭാഷണ ആരോപണത്തിൽ ഗൂഢാലോചന സംശയിക്കുന്നുവെന്ന് എൻസിപി ദേശീയ ജനറൽ സെക്രട്ടറി ഡി.പി. ത്രിപാഠി. അന്വേഷണത്തെ എൻസിപി സ്വാഗതം ചെയ്യുന്നു. അന്വേഷണത്തിനു ശേഷം എന്ത് വേണമെന്ന് തീരുമാനിക്കുമെന്നും ത്രിപാഠി പറഞ്ഞു. 

അതേ സമയം ഏതെങ്കിലും സ്ത്രീയുമായി പുറത്ത് വന്ന ഓഡിയോ ടേപ്പിന് സമാനരീതിയിൽ സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് ശശീന്ദ്രൻ കൃത്യമായി മറുപടി നൽകുന്നില്ല. സ്ത്രീകളെ ഉപയോഗിച്ച് വ്യക്തികളെ കുടുക്കുന്ന ഹണി ട്രാപ്പാണോ ഇതെന്നും എൻസിപി സംശയിക്കുന്നു. അസ്വാഭാവികത ഉന്നയിക്കുമ്പോഴും കൂടുതൽ സംഭാഷണങ്ങളും തെളിവുകളും പുറത്തുവരുമോ ഏതെങ്കിലും സ്ത്രീ പരാതിയുമായെത്തുമോ എന്നും എൻസിപി ശശീന്ദ്രനും എൻസിപിയും ഭയക്കുന്നുണ്ട്. 

അങ്ങിനെയങ്കിൽ ശശീന്ദ്രനെതിരെ കേസ് എടുത്ത് അന്വേഷണം നടത്തേണ്ടിവരും. ധാ‍ർമ്മികത ഉയർത്തിപ്പിടിക്കാനാണ് ശശീന്ദ്രന്റെ രാജിയെന്ന് വിശദീകരിച്ച കോടിയേരി പകരം മന്ത്രിക്കായുള്ള എൻസിപി അവകാശവാദത്തെ പിന്തുണച്ചു

വിവാദവും രാജിയും പകരം മന്ത്രിയുമെല്ലാം നാളത്തെ എൻസിപി നേതൃയോഗം ചർച്ച ചെയ്യും. പകരം മന്ത്രിക്കായി തോമസ് ചാണ്ടി പക്ഷം ചരടുവലി ശക്തമാക്കിയിട്ടുണ്ട്. എൻസിപിയുടെ അവകാശവാദത്തെ കോടിയേരി പിന്തുണച്ചെങ്കിലും പകരം മന്ത്രി മലപ്പുറം ഉപതരെഞ്ഞെടുപ്പിനു മുമ്പുണ്ടാകുമോ എന്നകാര്യം തുടർ ചർച്ചകളിലൂടെ മാത്രമാകും തീരുമാനിക്കുക.