തിരുവനന്തപുരം: ബാര്‍ക്കോ‍ഴക്കേസ് നടത്താന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കെ എം മാണിക്ക് പണം അനുവദിക്കാന്‍ തീരുമാനിച്ചത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് മന്ത്രിസഭാ ഉപസമിതി. ധന-ആഭ്യന്തരവകുപ്പുകളുടെ എതിര്‍പ്പ് മറികടന്നായിരുന്നു തീരുമാനമെന്നും സമിതി കണ്ടെത്തി. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് വിജിലന്‍സിനെ ഒഴിവാക്കാനുള്ള തീരുമാനവും ക്രമവിരുദ്ധമായിട്ടായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുന്ന സമിതിയുടേതാണ് കണ്ടെത്തലുകള്‍.

ബാര്‍ക്കോ‍ഴക്കേസ് പരിഗണിക്കവെ സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്കതീതയായിരിക്കണമെന്ന ഹൈക്കോടതി പരാമര്‍ശമാണ് ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ രാജിയിലേക്ക് നയിച്ചത്. വിവാദ പരാമര്‍ശം നീക്കാനായി മാണിക്കുവേണ്ടി ഹാജരായത് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബിലായിരുന്നു. അഡ്വക്കേറ്റ് ജനറലും സോളിസിറ്റര്‍ ജനറലും ഉള്‍പ്പെടെ സര്‍ക്കാര്‍ അഭിഭാഷകര്‍ ഉണ്ടെന്നിരിക്കെ പുറത്തുനിന്ന് അഭിഭാഷകനെകൊണ്ടുവന്നത് ശരിയായ നടപടിയല്ല. ഇതിനായി പണം സര്‍ക്കാര്‍ ഖജവാനില്‍ നിന്ന് പണം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ആദ്യം എതിര്‍പ്പുയര്‍ന്നെങ്കിലും ധനവകുപ്പ് ഫയല്‍ ഒപ്പിട്ടുനല്‍കി.

എന്നാല്‍ ആഭ്യന്തര വകുപ്പ് നിലപാടില്‍ ഉറച്ചു. ഇതോടെ പണം നല്‍കാനായില്ല. എങ്കിലും പണം നല്‍കാന്‍ അനുമതി നല്‍കിയ മന്ത്രിസഭാ തീരുാമനം ചട്ടങ്ങള്‍ ലംഘിച്ചായിരുന്നൂവെന്നാണ് ഉപസമിതിയുടെ കണ്ടെത്തല്‍. വിജിലന്‍സ് അന്വേഷണ പരിധിയില്‍ വരുന്ന മുഖ്യമന്ത്രി മുന്‍ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍ ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ വിവരാവകാശം നല്‍കുന്നതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനെടുത്ത തീരുമാനവും നിയമവിരുദ്ധമായിട്ടാണ. തീരുമാനം പിന്നീട് പിന്‍വലിച്ചെങ്കിലും നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടെന്നാണ് കണ്ടെത്തല്‍.

ക‍ഴിഞ്ഞ മന്ത്രിസഭയുടെ അവസാനകാലത്തെ കടുംവെട്ട് തീരുമാനങ്ങളടക്കം പരിശോധിച്ച സമിതി നേരത്തെ നിരവധി ചട്ടലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. റവന്യു, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലാണ് വലിയ പ്രശ്നങ്ങള്‍ കണ്ടെത്തിയത്. നാളെക്കൂടി ഉപസമിതി യോഗം ചേരും. ശേഷം ഉപസമിതിയുടെ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികള്‍ സര്‍ക്കാര്‍ തീരുമാനിക്കുക.