''നുഷ്യരെ നിയന്ത്രിക്കുന്നത് പ്രകൃതി ശക്തികളാണ്. മര്‍മ്മ ഭാഗങ്ങളെ ഭേദിച്ചുകൊണ്ടാകരുത് വികസനം. മനസ്ഥിതി നന്നായല്‍ പരിസ്ഥിതി നന്നാകും''

ദില്ലി: കേരളം ജൈവ കൃഷിയിലേക്ക് മാറേണ്ട സമയമാണ് ഇതെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ സി വി ആനന്ദ് ബോസ്. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പുതിയ കേരളം സംവാദ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തില്‍നിന്ന് കിട്ടുന്ന പാഠങ്ങള്‍ വലുതാണ്. പ്രകൃതി ശക്തികളെ നിയന്ത്രിക്കുന്നത് മനുഷ്യരല്ല. മനുഷ്യരെ നിയന്ത്രിക്കുന്നത് പ്രകൃതി ശക്തികളാണ്. മര്‍മ്മ ഭാഗങ്ങളെ ഭേദിച്ചുകൊണ്ടാകരുത് വികസനം. മനസ്ഥിതി നന്നായല്‍ പരിസ്ഥിതി നന്നാകും ആനന്ദ് ബോസ് പറഞ്ഞു.

ഈ ദുരന്തത്തില്‍നിന്ന് കേരളം രണ്ട് പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. ഒന്ന് കൃഷിയാണ്. കേരളം ഒരു കാര്‍ഷിക സംസ്ഥാനം തന്നെയാണ്. കൃഷിയോടുള്ള അവമതിപ്പ് മാറ്റി നിര്‍ത്തണം. കേരളത്തിന് ലഭിച്ച വരദാനം എക്കല്‍ മണ്ണാണ്. സംസ്ഥാനത്ത് നൂറ് മേനി വിളയാനുള്ള എക്കല്‍ പ്രളയത്തോടെ നദികള്‍ കൊണ്ടുതന്നിട്ടുണ്ട്. 

നൈല്‍ നദിയുടെ പ്രളയമാണ് അവിടെയുള്ള ജനങ്ങളെ പോറ്റുന്നതെന്ന് പറയാറുണ്ട്. ഇതുപോലെ തന്നെയാണ ഇപ്പോള്‍ കേരളവും. എന്നാല്‍ നമുക്ക് ലഭിച്ച എക്കലില്‍ പ്ലാസ്റ്റിക്കും ഹെവി മെറ്റലുകളും ഉണ്ട് എന്നത് വാസ്തവമാണ്. ജൈവ കൃഷിയിലേക്ക് കേരളം തിരിച്ച് പോകേണ്ട സമയമായി. ഹോളണ്ടിനെ ഉദാഹരണമായി എടുക്കാം. കുട്ടനാടുപോലെ ഉള്ള ഈ നാടാണ് യൂറോപ്പിനെ തീറ്റിപ്പോറ്റുന്നത്. സമാനമായി കേരളം ജൈവകൃഷിയിലേക്ക് മാറണം ആനന്ദ് ബോസ് ചൂണ്ടിക്കാട്ടി

രണ്ടാമത്തേത് 50 വര്‍ഷത്തെ വികലമായ വികസനത്തിലൂടെ പുഴകളെല്ലാം വിഷലിപ്തമായി. ഈ എല്ലാ വിഷവും കഴുകി വൃത്തിയാക്കി തന്നിരിക്കുകയാണ് പ്രകൃതി. ഇത് നല്ലരീതിയില്‍ ഉപയോഗിക്കാനാകണം. ശുദ്ധജലം മാത്രമുള്ള നദികളും തടാകങ്ങളുമുള്ള കേരളം ഏറ്റവും ശുദ്ധമായ നാടായി മാറും. ഇതിലൂടെ ടൂറിസവും തിരിച്ചുകൊണ്ടുവരാം. വരുന്ന തലമുറയ്ക്ക് ശുദ്ധമായ നാടായിരിക്കണം തിരിച്ച് നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.