കേരളം, തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തി

തിരുവനന്തപുരം: ഇന്ത്യാമഹാരാജ്യത്ത് കേരളം ഒന്നാം സ്ഥാനത്ത് തന്നെ. ബെംഗളൂരു ആസ്ഥാനമായുള്ള പബ്ലിക് അഫയേഴ്സ് സെന്‍ററിന്‍റെ പഠനത്തിലാണ് കണ്ടെത്തൽ. കഴിഞ്ഞ രണ്ട് വര്‍ഷവും രാജ്യത്ത് ഏറ്റവും മികച്ച ഭരണം കാഴ്ചവെക്കുന്ന സംസ്ഥാനമായിരുന്ന കേരളം, തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തി. തമിഴ്നാട്, തെലങ്കാന, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങളാണ് രണ്ട് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ. മധ്യപ്രദേശ്, ജാർഖണ്ഡ്, ബിഹാർ എന്നിവയാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. 

പത്ത് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളിലെ ഭരണമികവ് പരിശോധിക്കുന്നത്. ഇതില്‍ നാല് മേഖലകളില്‍ വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന് മുന്നിലെത്താനായി. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് കേരളമെന്ന് റിപ്പോര്‍ട്ട് പറയുന്നു. വനിത- ശിശു സുരക്ഷാ രംഗത്തും കേരളം ഒന്നാമതാണ്. രാജ്യത്തെ കുട്ടികള്‍ക്ക് മികച്ച ജീവിത സൗകര്യം ഒരുക്കുന്നതില്‍ കേരളമാണ് മുന്നിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഭരണരംഗത്ത് രണ്ടാം സ്ഥാനമാണ് കേരളത്തിന്. കര്‍ണ്ണാടകമാണ് ഒന്നാമത്. സാമ്പത്തീക സുരക്ഷിതത്വത്തില്‍ പക്ഷേ കേരളം പതിനൊന്നാം സ്ഥാനത്താണ്. ഗുജറാത്താണ് ഒന്നാമത്. സുതാര്യതയുടെ കാര്യത്തിലും കേരളത്തിന് പതിനൊന്നാം സ്ഥനമാണുള്ളത്. പരിസ്ഥിതി സംരക്ഷണത്തിലാകട്ടെ കേരളം മൂന്നാമതാണ്. നിയമ സംവിധാനങ്ങളില്‍ ആറാമത്തെ സംസ്ഥാനമാണ് നമ്മള്‍. മികച്ച ഭരണം കാഴ്ചവെക്കുന്ന സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തെന്ന വാർത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചു.