തിരുവനന്തപുരം: സ്വത്തെഴുതി നൽകിയിട്ടും മക്കൾ നോക്കാത്തത് കൊണ്ട് വൃദ്ധമാതാപിതാക്കൾ സംരക്ഷണമാവശ്യപ്പെട്ടെത്തിയ 1623 കേസുകളാണ് സംസ്ഥാനത്ത് സാമൂഹ്യക്ഷേമ വകുപ്പിന് മുന്നിലുള്ളത്. എറണാകുളം ജില്ലയിലാണ് പ്രായമായ മാതാപിതാക്കൾക്ക് മക്കൾ സംരക്ഷണം നൽകാത്ത കേസുകൾ കൂടുതലുള്ളത്. രോഗിയാവുന്നതോടെ ആശുപത്രി വരാന്തയിൽ വരെ മാതാപിതാക്കളെ ഉപേക്ഷിച്ച സംഭവങ്ങളും റോവിങ് റിപ്പോർട്ടർ യാത്രയിൽ കണ്ടു.

തിരുവനന്തപുരം സ്വദേശി നാഗമ്മ ഭർത്താവിന് കാൻസർ ചികിത്സിക്കാൻ സ്വന്തം വീട് വിറ്റതോടെയാണ് 5 മക്കളും കൈയൊഴിയാൻ തുടങ്ങിയത്. വൃദ്ധസദനത്തിലായിരുന്ന ഇവരുടെ ജീവിതം ഇപ്പോൾ തിരുവനനതപുരം ജനറൽ ആശുപത്രിയിലെ 9ആം വാർഡിലാണ്. ഇളയമകൻ മാത്രം ഇടയ്ക്ക് കാണാൻ വരുമെങ്കിലും ഒപ്പം കൊണ്ടുപോകില്ല.
അസുഖം ഭേദമായാൽ വീണ്ടും വൃദ്ധസദനമാണ് ശരണം.. നാഗമ്മ ഒരുദാഹരണം മാത്രം. സർക്കാരിന്‍റെ പക്കലുള്ള കണക്കുകൾ പ്രകാരം എറണാകുളം ജില്ലയിലാണ് മക്കളുപേക്ഷിക്കുന്ന കേസുകൾ കൂടുതൽ. 239 എണ്ണം. താരതമ്യേന ചെറിയ ജില്ലയായ പത്തനംതിട്ടയിലെ 2 ട്രബ്യൂണലുകളിൽ നിന്നുള്ള കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. 219 കേസുകൾ.
തിരുവന്തപുരത്ത് 154ഉം ആലപ്പുഴയിൽ 160ഉം കൊല്ലത്ത് 136ഉം കോട്ടയത്ത് 133ഉം കേസുകൾ. ജനസംഖ്യ പരിഗണിച്ചാൽ മലപ്പുറത്തുമാണ് കേസുകൾ കുറവ്. 2 ട്രിബ്യൂണലുകളിലായി 43 കേസുകൾ. മക്കളുൾപ്പെട്ട സങ്കീർണമായ കേസായതിൽ വയോജന സംരക്ഷണ ട്രിബ്യൂണലുകൾ തീരുമാനമെടുക്കാനാകാതെ വലയുമ്പോൾ കേരളത്തിലെ വൃദ്ധസദനങ്ങൾ തിങ്ങിനിറയുന്നതിന് കാരണം തേടി മറ്റെങ്ങും പോകേണ്ടെന്ന് ചുരുക്കം.
നിലവിൽ വൃദ്ധജനസംഖ്യ 12ശതമാനം ഉള്ളപ്പോഴാണ് ഈയവസ്ഥ. പത്ത് വർഷത്തിനുള്ളിൽ ഇത് 20 ശതമാനം കടക്കുമെന്നാണ് വിലയിരുത്തൽ. അതിവേഗം പ്രായമാകുന്ന കേരളത്തിന് അതീവ ഗൗരവമുള്ള ചർച്ചകളാവശ്യമുണ്ട്.
