തിരുവനന്തപുരം: സ്വാശ്രയ ദന്തൽ പ്രവേശനത്തിൽ സർക്കാരും മാനേജ്മെന്‍റുകളും തമ്മിൽ ധാരണയായി. 85ശതമാനം സീറ്റുകളും മാനേജ്മെന്‍റുകള്‍ സർക്കാരിന് വിട്ടുകൊടുക്കും. നാല് ലക്ഷം രൂപയാണ് ഏകീകൃത ഫീസ്. ധാരണയിലെത്തിയെങ്കിലും മെരിറ്റ് സീറ്റിൽ കുറഞ്ഞ ഫീസിൽ പഠിക്കാനുള്ള വിദ്യാർത്ഥികളുടെ അവസരം ഇതോടെ നഷ്ടമായി.

സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ പ്രതിസന്ധി തുടരുമ്പോഴാണ് ദന്തൽ പ്രവേശനത്തിൽ ധാരണയിലെത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശം പാലിച്ച് 85ശതമാനം സീറ്റും മാനേജ്മെന്‍റുകൾ സർക്കാരിന് വിട്ടുകൊടുക്കും. പകരം ഏകീകൃത ഫീസെന്ന മാനേജ്മെന്‍റുകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. 85ശതമാനം സീറ്റുകളിൽ പ്രതിവർഷം 4ലക്ഷം രൂപ ഫീസ്. 

കഴിഞ്ഞ കൊല്ലം മെരിറ്റ് സീറ്റിൽ നാല് തരം ഫീസ് ഘടനയായിരുന്നു.23,000. 44,000, ഒന്നേകാൽ ലക്ഷം. ഒന്നേ മുക്കാൽ ലക്ഷം എന്നിങ്ങനെയാണ് ഫീസ്. മാനേജ്മെന്‍റ് ക്വാട്ട ഫീസ് നാലേമുക്കാൽ ലക്ഷമായിരുന്നു. ഏകീകൃത ഫീസ് വന്നതോടെ കുറഞ്ഞ ഫീസിൽ മെരിറ്റ് സീറ്റിൽ പഠിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നത്. 

എംബിബിഎസിലും ഏകീകൃത ഫീസെന്ന മെഡിക്കൽ മാനേജ്മെന്‍റുകളുടെ ആവശ്യം അംഗീകരിക്കാൻ സർക്കാർ തയ്യാറാണ്. എന്നാൽ 85ശതമാനം സീറ്റിലെയും പ്രവേശനാധികാരം സർക്കാരിന് വിട്ടുനൽകാൻ മാനേജ്മെന്‍റുകൾ തയ്യാറല്ല.