കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതികളുടെ ചിത്രം വാട്സ് ആപ്പില്‍ ഷെയര്‍ ചെയ്തതിന് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി. അഞ്ചല്‍ വയല സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനാണ് മര്‍ദനമേറ്റത്

ബുധനാഴ്ച രാവിലെയാണ് ജീവനെ സ്കൂളിലെ സഹപാഠികള്‍ മര്‍ദിച്ചത്. കുരീപ്പുഴ ശ്രീകുമാറിനെ മര്‍ദിച്ച കേസിലെ പ്രതികളുടെ ചിത്രം വിദ്യാര്‍ത്ഥികളുടെ ഒരു വാട്സ്ആപ് ഗ്രൂപ്പില്‍ ജീവന്‍ ഷെയര്‍ ചെയ്തിരുന്നു. ഇതാണ് മര്‍ദനത്തിന് കാരണമായത്.

പോസ്റ്റ് കണ്ട സ്കൂളിലെ ചില വിദ്യാര്‍ത്ഥികള്‍ ജീവനെ ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂളില്‍ വച്ച് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത്. സ്കൂളില്‍ നിന്ന് ഓടി രക്ഷപെട്ട ജീവനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു