ഐബി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ ഓസ്ട്രേലിയ, ന്യൂസിലാന്‍റ് അടക്കമുള്ള വിദേശ രാജ്യങ്ങളുമായും പൊലീസ് ആശയവിനിമയം നടത്തി.
കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസിൽ കൂടുതൽ അന്വേഷണങ്ങൾക്കായി രാജ്യാന്ത അന്വേഷണ ഏജൻസികളുടെ സഹായം തേടി പൊലീസ്. തീരം വിട്ടവർ ഓസ്ട്രേലിയയിലേക്ക് തന്നെയാണോ പോയത് എന്ന് വ്യക്തത വരുത്താനാണിത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴിയാണ് പൊലീസ് രാജ്യാന്തര അന്വേഷണ ഏജൻസികളുടെ സഹായം തേടിയത്.
ഐബി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ ഓസ്ട്രേലിയ ന്യൂസിലാന്‍റ് അടക്കമുള്ള വിദേശ രാജ്യങ്ങളുമായും ആശയ വിനിമയം നടത്തി. ബോട്ടിൽ പോയ സംഘം അവിടെ എത്തിയോ, ക്രിസ്തുമസ് ഐലന്‍റിൽ തന്നെയാണോ എത്തുക എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണിത്.
അവർ അവിടെ എത്തി എന്നുറപ്പിച്ചാൽ മാത്രമെ പൊലീസിന് കേസുമായി ബന്ധപ്പെട്ട സുപ്രധാന തെളിവ് ലഭിക്കുകയുള്ളു.
ദില്ലിയിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രഭുവിനെയും മറ്റ് പലരേയും ചോദ്യം ചെയ്തെങ്കിലും എവിടെക്കാണ് ഇവർ പോയത് എന്ന കാര്യങ്ങളിൽ വ്യക്തമായ നിഗമനത്തിലെത്താൻ പൊലീസിന് കഴിഞ്ഞില്ല. നൂറിലധികം പേർ തീരം വിട്ടു എന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാൽ ഇത്രയധികം പേർക്ക് ദയമാതാ ബോട്ടിൽ കയറാൻ പറ്റില്ലെന്നാണ് ബോട്ടിന്റെ മുൻ ഉടമ ജിബിൻ പറയുന്നത്.
ബോട്ടിൽ കയറാനെത്തിയ 200 ഓളം പേരിൽ 100 പേർ മാത്രമെ തീരം വിട്ടിട്ടുള്ളുവെന്നാണ് ഇപ്പോഴത്തെ നിഗമനം. ബാക്കി ഉള്ളവർ എവിടെ പോയി എന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണ് തമിഴ്നാട്ടിലെ ശ്രീലങ്കൻ അഭയാർഥി ക്യാമ്പുകളിൽ പരിശോധന നടത്തിയത്. എന്നാൽ ഈ ക്യാമ്പുകളിലെ പലരും ഒരു മാസമായി അവിടെ ഇല്ല എന്ന് വ്യക്തമായിട്ടുണ്ട്. ഇവർ എവിടെ പോയി എന്ന് സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. ബോട്ടിൽ തിരക്കായിരുന്നതിനാലാണ് അന്ന് പലർക്കും പോകാൻ കഴിയാതിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇതിനിടെ മുഖ്യ ഇടനിലക്കാരൻ ശ്രീകാന്തൻ രാജ്യം വിട്ടോ എന്നും അന്വേഷണം നടത്തുന്നുണ്ട്. ഇയാളുടെ കുടുംബത്തെയും കാണാനില്ല.
