കോഴിക്കോട്: സാധാരണക്കാരോടുള്ള പൊലീസുകാരുടെ സമീപനത്തിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. എടാ ,പോടോ , താൻ തുടങ്ങിയ അഭിസംബോധനക്ക് പകരം സർ എന്ന് വിളിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ വ്യക്തമാക്കി. 

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകുന്നവരെ കേസുകളിൽ അകപ്പെടുത്തുന്നത് ഗൗരവമായി കാണണമെന്നും മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ കോഴിക്കോട്ട പറഞ്ഞു. പൊലീസുകാരുടെ സമീപനം മാറണം, എടോ പോടോ വിളികൾ അവസാനിപ്പിക്കണം, പൊലീസിനെതിരെ പരാതി പറയുന്നവരെ കേസിൽ കുടുക്കുന്ന രീതിയുണ്ട്. അത്തരം സംഭവങ്ങൾ മാറണം. 

ട്രാഫിക് പൊലീസിനെതിരെ കോഴിക്കോട് സ്വദേശി അനൂപ് നൽകിയ പരാതി പരിഗണിച്ച ശേഷമായിരുന്നു മനുഷ്യാവകാശ കമ്മിഷന്‍റെ പ്രതികരണം. വൺവേ തെറ്റിച്ച് വാഹനമോടിച്ചതിന് മോശമായ രീതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ പെരുമാറിയെന്നായിരുന്നു പരാതി.

സാധാരണക്കാരോട് സൗമ്യമായി ഇടപെടാൻ സംസ്ഥാനത്തെ പൊലീസുകാർ തയ്യാറാകുന്നില്ലെന്ന് മനുഷ്യാവകാശ കമ്മിഷൻ നിരീക്ഷിച്ചു. മനോഭാവത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തും. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകുന്നവരെ കള്ളക്കേസിൽ പെടുത്തുന്ന സംഭവങ്ങൾ കൂടുന്നത് ഗൗരവമായി കാണണമെന്നും മനുഷ്യാവകാശ കമ്മിഷൻ വ്യക്തമാക്കി.

കോഴിക്കോട് ചക്കിട്ടപ്പാറയിൽ എൻഡോസൾഫാൻ ദുരിത ബാധിതരുടേതിന് സമാനമായ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടത് സർക്കാർ ഗൗരവമായി കാണണമെന്നും. മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ച് രോഗമുള്ളവരെ കണ്ടെത്തുന്നതടക്കമുള്ള നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.