കേരളാ പൊലീസ് കൊല്ലത്ത് നടത്തിയ കൊക്കൂണ്‍ അന്താരാഷ്‌ട്ര സൈബര്‍ സമ്മേളനത്തില്‍ പാഴ്ചെലവും, ധൂര്‍ത്തുമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സിന്‍റെ കൊല്ലം യൂണിറ്റ് നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. റിപ്പോര്‍ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് നല്‍കിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ല.
സൈബര്‍ വിദഗ്ദരെ അടക്കം പങ്കെടുപ്പിച്ച് 2016 ആഗസ്റ്റിലാണ് കേരളാ പോലീസ് കൊക്കൂണ്‍ എന്ന പേരില്‍ അന്താരാഷ്‌ട്ര സൈബര്‍ സമ്മേളനം സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് സര്‍ക്കാര്‍ വക അതിഥി മന്ദിരങ്ങളുണ്ടായിട്ടും,കൊല്ലത്ത് സമ്മേളനം നടത്തി സ്വകാര്യ ഹോട്ടലില്‍ ഉദ്യോഗസ്ഥരെ താമസിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വകയില്‍ മൂന്നരലക്ഷത്തോളം രൂപ ചിലവാക്കി. ഡിപ്പാര്‍ട്മെന്‍റ് വക വാഹനങ്ങള്‍ ദുരുപയോഗം ചെയ്തു. നോണ്‍ ഡ്യൂട്ടി എന്ന് രേഖപ്പെടുത്താതെ വാഹനങ്ങള്‍ സമ്മേളനത്തിനായി ഓടിച്ചു.
നാന്നൂറോളം ഉദ്യോഗസ്ഥരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. നേരത്തെ അവതാരകയായി വന്ന യുവതിയെ ഉന്നത ഉദ്യോഗസ്ഥന്‍ അപമാനിച്ചതിന്‍റെ പേരില്‍ സമ്മേളനം വിവാദമായിരുന്നു. 2016 നവംബറില്‍ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറിയിട്ടും മേല്‍നടപടി ഉണ്ടായിട്ടില്ല.
