തിരുവനന്തപുരം: വര്‍ദ്ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരളപൊലീസിനെ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണരംഗത്തെ കാലതാമസമൊഴിവാക്കാന്‍ ഡിജിറ്റലൈസേഷന്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. സൈബര്‍ കേസന്വേഷത്തിനായി കേരള പൊലീസിനുളള എത്തിക്കല്‍ ഹാക്കിംഗ് പരിശീലന പരിപാടി ടെക്‌നോപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരളപൊലീസും സൈബര്‍ ഡോമും കൈകോര്‍ത്താണ് എത്തിക്കല്‍ ഹാക്കിംഗ് ശില്‍പശാല. രാജ്യമെമ്പാടുമുളള ഐ ടി വിദഗ്ധരുടെ സഹായത്തോടെ സൈബര്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍കൊണ്ടുവരും. സൈബര്‍സെല്ലുകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍,സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലന പരിപാടി. 2007ന് ശേഷം ഇതാദ്യമായാണ് പൊലീസിന് ഐടി രംഗത്ത് വിപുലമായ പരിശീലനം കിട്ടുന്നതെന്ന് ആമുഖപ്രസംഗം നടത്തിയ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. 

സൈബര്‍കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പൊലീസിനെ സാങ്കേതികമായി സജ്ജമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് ശില്‍പശാല ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭരണരംഗത്ത് പൂര്‍ണതോതില്‍ ഡിജിറ്റലൈസേഷന്‍ ആവശ്യമാണ്. കഴിഞ്ഞസര്‍ക്കാരിന്റെ അലംഭാവംമൂലം പലഫലയലുകളും കുടുങ്ങിക്കിടക്കുന്നു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുളള സൈബര്‍കുറ്റകൃത്യങ്ങള്‍ തടയാനുളള സോഷ്യല്‍മീഡിയ ലാബിന്റെയും കേരള പൊലീസിന്റെ ട്രാഫിക് ആപ്ലിക്കേഷന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. മൊബൈല്‍ഫോണിലൂടെ പൊതുജനങ്ങള്‍ക്ക് ട്രാഫിക് സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താനുതകുന്നതാണ് പുതിയ ആപ്ലിക്കേഷന്‍ .