വാഹനം ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായി ധരിക്കണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസിന്‍റെ ഒരു രസികന്‍ പോസ്റ്റ്.

വാഹനം ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായി ധരിക്കണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. കുട്ടികളുടെ മാസികയായ ബാലരമയിലെ ‘മായാവി’ ചിത്രകഥയില്‍ ഡിങ്കിനി എന്ന കഥാപാത്രം വരുന്നവെന്ന പ്രചാരണത്തിന്‍റെ പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ വക പുതിയൊരു ഒരു ട്രോള്‍.

'എന്നും എപ്പോഴും പ്രിയമുള്ളവരുടെ ഒപ്പമുണ്ടാകാൻ സീറ്റ് ബെൽറ്റ് ശീലമാക്കുക' എന്ന തലക്കെട്ടോടെയാണ് ട്രോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സീറ്റ് ബെല്‍റ്റിട്ട് വണ്ടിയോടിക്കുന്ന ലുട്ടാപ്പിയെ മാറ്റി റാഷ് ഡ്രൈവ് ചെയ്യുന്ന ഡിങ്കിനിയെ വെച്ചാണ് മുന്നോട്ടുപോകാന്‍ ഉദ്ദേശമെങ്കില്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നാണ് ചിത്രത്തിലെ പൊലീസ് പറയുന്നത്. കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് വാഹനം ഓടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന സന്ദേശം നല്‍കുന്നത്.

പല സാമൂഹിക പ്രശ്നങ്ങളിലും കേരളാ പൊലീസ് ട്രോളുകളിലൂടെ മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. അടുത്തിടെ വാഹനങ്ങളുടെ മുമ്പിലേക്ക് ചാടി വീണ് 'നില്ല് നില്ല്..' എന്ന ഗാനത്തിന് ചുവട് വെയ്ക്കുന്ന 'ടിക് ടോകി'നെതിരെയും കേരളാ പൊലീസ് മുന്നറയിപ്പുമായി രംഗത്തെത്തിയിരുന്നു.