അർപ്പണബോധത്തോടെയും സേവന സന്നദ്ധതയോടെയും ജോലി ചെയ്യുന്ന പൊലീസ് ഉദ്യോ​ഗസ്ഥരുടെ സാന്നിദ്ധ്യം ആർക്കും വിസ്മരിക്കാൻ സാധിക്കില്ല. ഇവർക്കെതിരെ പ്രചരിക്കുന്ന വ്യാജവാർത്തകളിൽ ജനങ്ങൾ വഞ്ചിതരാകരുത്. 

തിരുവനന്തപുരം: പൊലീസ് ഉദ്യോ​ഗസ്ഥരെ അപമാനിക്കുന്ന വിധത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ കേരള പൊലീസ്. അർപ്പണബോധത്തോടെയും സേവന സന്നദ്ധതയോടെയും ജോലി ചെയ്യുന്ന പൊലീസ് ഉദ്യോ​ഗസ്ഥരുടെ സാന്നിദ്ധ്യം ആർക്കും വിസ്മരിക്കാൻ സാധിക്കില്ല. ഇവർക്കെതിരെ പ്രചരിക്കുന്ന വ്യാജവാർത്തകളിൽ ജനങ്ങൾ വഞ്ചിതരാകരുത്. കേരളത്തിന്റെ മഹത്തായ മതേതര പാരമ്പര്യം നിലനിർത്തുന്ന കാര്യത്തിൽ കേരള പൊലീസും പങ്ക് വഹിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് പരന്നു കൊണ്ടിരിക്കുന്ന അപനിർമ്മിതികളെ തട്ടിമാറ്റേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

പോസ്റ്റിന്റെ പൂർണ്ണരൂപം:

പോലീസിനെതിരെ വ്യാജപോസ്റ്റുകൾ ... യാഥാർഥ്യം തിരിച്ചറിയുക

നിയമപരമായ ഉത്തരവാദിത്വം നിർവഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുവാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

കേരളത്തിൻ്റെ മഹത്തായ മതേതര പാരമ്പര്യം നിലനിർത്തുന്നതിൽ കേരള പോലീസും ഉത്തരവാദിത്വപൂർണമായ പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിലെ വൈവിധ്യമാർന്ന ആചാര അനുഷ്ഠാനങ്ങളിലും ആഘോഷവേളകളിലും ആത്മീയ കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും പോലീസിൻ്റെ സേവന സാന്നിധ്യം ആർക്കും വിസ്മരിക്കാനാവില്ല. അർപ്പണബോധത്തോടെയും ത്യാഗസന്നദ്ധമായും പോലീസ് നടത്തി വരുന്ന പ്രവർത്തനങ്ങൾക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. കേരള പോലീസിൻ്റെ മഹത്തായ ഈ പാരമ്പര്യത്തെ അവഹേളിക്കുവാൻ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയുക തന്നെ വേണം. ഇതിനായി നടത്തുന്ന അപനിർമ്മിതികളെ തള്ളിക്കളയുവാൻ പൊതു സമൂഹം തയ്യാറാകണം.

കേരളത്തിൽ സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കുന്നതിൽ കേരള പോലീസിൻ്റെ ശക്തമായ ഇടപെടലുകൾ നിർണായകമാണ്. അതുകൊണ്ടുതന്നെ കുറേ വർഷങ്ങളായി കേരളത്തിൽ ഒരു വർഗീയ കലാപം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നുള്ള വസ്തുതയും ഏറെ ശ്രദ്ധേയമാണ്.. നമ്മുടെ നാടിൻ്റെ സാഹോദര്യവും സഹവർത്തിത്വവും കൂടുതൽ ശോഭനമാക്കാൻ നാമോരോരുത്തരും പ്രതിജ്ഞാബദ്ധരാണ്.