Asianet News MalayalamAsianet News Malayalam

ബസിന്‍റെ പ്ലാറ്റ് ഫോം വരെ മുറിച്ച് മാറ്റി ആഡംബര ലൈറ്റ്; ലേസര്‍ലൈറ്റ് ഫിറ്റ് ചെയ്യുന്ന ടൂറിസ്റ്റ് ബസുകള്‍ കുടുങ്ങും

അകത്തെ ലൈറ്റ് സംവിധാനം നിയന്ത്രിക്കുന്നത് വാഹനം ഓടിക്കുന്ന ആളാണ്. ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്കൊപ്പം വിനോദ സഞ്ചാരികൾ അകത്ത് ‌ഡാൻസ് ചെയ്യും. ഡ്രൈവറുടെ ശ്രദ്ധ അപ്പോൾ റോഡിലാവില്ല. 

Kerala Police warning to private tourists bus
Author
Thiruvananthapuram, First Published Nov 26, 2018, 9:19 AM IST

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളിൽ ലേസർ ലൈറ്റുകളും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ സംവിധാനങ്ങൾ ഫിറ്റ് ചെയ്യുന്ന ബസുടമകള്‍ക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകള്‍ ഫിറ്റ് ചെന്നുന്ന വാഹനത്തിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. വിനോദയാത്രയ്‌ക്കുള്ള ബസുകളിലും ട്രാവലറുകളിലുo ലേസർ ലൈറ്റുകൾ ഉൾപ്പെടെയുള്ള അമിതമായ പ്രകാശ സംവിധാനം ഉപയോഗിച്ച് മ്യൂസിക് ആൻഡ് ലൈറ്റ് ഷോ നടത്തുന്നത് വ്യാപിച്ചു വരികയാണ്.  

വാഹനത്തിന്‍റെ പ്ളാറ്റ്ഫോം മുറിച്ച് മാറ്റി അവിടെ ഗ്ളാസ് വച്ച് അതിനടയിൽ ആഡംബര ലൈറ്റുകൾ ഘടിപ്പിക്കുന്നതായി മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. അകത്തെ ലൈറ്റ് സംവിധാനം നിയന്ത്രിക്കുന്നത് വാഹനം ഓടിക്കുന്ന ആളാണ്. ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്കൊപ്പം വിനോദ സഞ്ചാരികൾ അകത്ത് ‌ഡാൻസ് ചെയ്യും. ഡ്രൈവറുടെ ശ്രദ്ധ അപ്പോൾ റോഡിലാവില്ല. അതുകൊണ്ടു തന്നെ അപകടമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. എതിരെ വരുന്ന വാഹനങ്ങൾക്കും ഇത്തരം ലൈറ്റുകൾ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്

ഇതുവരെ ഇത്തരം വാഹനങ്ങൾക്ക് ആയിരം രൂപ പിഴയായിരുന്നു. ആയിരം രൂപ അടച്ചാലും ആരും അനാവശ്യ ലൈറ്റുകളൊന്നും അഴിച്ചു മാറ്റാറില്ല. വണ്ടിയുടെ അകത്തു മാത്രമാണ് ആദ്യമൊക്കെ ഇത്തരത്തിൽ ലൈറ്റുകൾ ഘടിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ പുറത്തും ലൈറ്റുകൾ ഉപയോഗിച്ചുതുടങ്ങി. അതുകൊണ്ടാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തന്നെ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചതെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചു.

രാത്രികാല അപകടങ്ങളിലേറെയും സംഭവിക്കുന്നത് എതിരെ വരുന്ന വാഹനങ്ങളിലെ പ്രകാശ തീവ്രത കാരണമാണ്. വാഹനം വാങ്ങുമ്പോൾ ഉള്ള ഹെഡ്‌ലൈറ്റ് മാറ്റി തീവ്രപ്രകാശമുള്ള ലൈറ്റ് ഫിറ്റ് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കും. കൂടാതെ വാഹനങ്ങളിൽ അമിതമായ ശബ്ദമുണ്ടാക്കുന്ന തരത്തിൽ ഘടിപ്പിച്ചരിക്കുന്ന ശബ്ദ സംവിധാനങ്ങളും നീക്കം ചെയ്യും. 

ഇതിനായി സംസ്ഥാനത്ത് 55 ഇടങ്ങളിൽ മോട്ടോർ വാഹനവകുപ്പ് രാത്രികാല പരിശോധന നടത്തും. സിനിമാ ഷൂട്ടിംഗിന് പ്രകാശ തീവ്രത അളക്കുന്ന ലക്സ് മീറ്റർ ഉപയോഗിച്ച് വാഹനങ്ങളുടെ പ്രകാശ തീവ്രത കൂടുതലാണോ എന്നു കണ്ടെത്തും. പ്രകാശ പരിധി: അനുവദിച്ചത് 50 - 60 വാട്ട്. അനുവദനീയമായ പ്രകാശ തീവ്രത 2000 ലൂമിനസ് വരെയുമാണ്. ഇത് ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴ ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios