ദില്ലി: രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ദേശീയതലത്തിലുള്ള പോര് പരസ്യ പ്രചാരണങ്ങളിലേക്കും.കേരളം കൊലനിലങ്ങളാണെന്ന ബിജെപിയുടെ പ്രചാരണം മറികടക്കാന്‍ വിവിധ രംഗങ്ങളിലുളള സംസ്ഥാനത്തിന്‍റെ പുരോഗതി വ്യക്തമാക്കി ഇടതു സര്‍ക്കാര്‍ ദേശീയ മാധ്യമങ്ങളില്‍ പരസ്യം നല്‍കി. എന്നാല്‍ സിപിഎം കൊന്നൊടുക്കിയ ആര്‍എസ്എസ്സുകാരുടെ വിവരങ്ങളാണ് ഇടതു സര്‍ക്കാര്‍ പരസ്യപ്പെടുത്തേണ്ടത് എന്നായിരുന്നു ഇതിന് ബിജെപിയുടെ മറുപടി.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് സിപിഎം അക്രമങ്ങള്‍ക്കെതിരെ ബിജെപി ദേശീയതലത്തില്‍ വന്‍ പ്രചാരണമാണ് നടത്തി വരുന്നത്. പാര‍ലമെന്‍റില്‍ പല തവണ ഈ വിഷയം ഉന്നയിച്ചു. ഏറ്റവും ഒടുവില്‍ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം അരുണ്‍ ജെയ്റ്റ്ലിയെ കേരളത്തിലേക്കയച്ചു.

കേരളത്തെ സിപിഎം കൊലനിലങ്ങളാക്കിയെന്നാണ് ബിജെപിയുടെ പ്രചാരണം. ദേശീയ ടെലിവിഷന്‍ ചാനലുകളിലെ എഡിറ്റര്‍മാര്‍ തന്നെ കേരളത്തിലെത്തി വിഷയം ഏറ്റെടുക്കുകയും ചെയ്തു. ഇതിന് മറുപടിയായാണ് ദേശീയ പത്രങ്ങളില്‍ ലക്ഷങ്ങള്‍ചെലവിട്ട് മുഖ്യമന്ത്രി പിണറയി വിജയന്‍റെ ചിത്രം സഹിതം മുഴുപേജ് പരസ്യം നല്കിയിരിക്കുന്നത്. 

ക്രമസമാധാനം,വിദ്യാഭ്യാസം, ഭരണനിര്‍വഹണം തുടങ്ങിയ മേഖലകളില്‍ സംസ്ഥാനം. കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് വിവിധ ഏജന്‍സികള്‍ നടത്തിയ പ്രതികരണങ്ങളാണ് കൂടുതലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.എന്നാല്‍ സിപിഎം നടത്തിയഅരുംകൊലകളുടെ വിവരങ്ങളാണ് യഥാര്‍ഥത്തില്‍ ഇടതുസര്‍ക്കാര്‍ പരസ്യപ്പെടുത്തേണ്ടത് എന്നായിരുന്നു ഇതിനോട് ബിജെപി പ്രതികരിച്ചത്. അരുണ്‍ ജെയ്റ്റിലിയുടെ കേരള സന്ദര്‍ശനത്തില്‍ ലഭിച്ചവിവരങ്ങള്‍ പാര്‍ട്ടി താമസിയാതെ ചര്‍ച്ച ചെയ്യുമെന്നും ബിജെപി വക്താക്കള്‍ അറിയിച്ചു.