സ്കൂളിലെ മുഴുവന്‍ ക്ലാസ്സ്‌ മുറികളും ഓഫീസും ഇനി സൗരോര്‍ജ്ജത്തിലാകും പ്രവര്‍ത്തിക്കുക

ആലപ്പുഴ: സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ്ണ സൗരോര്‍ജ സര്‍ക്കാര്‍ സ്കൂള്‍ ആലപ്പുഴയില്‍. തമ്പകച്ചുവട് സര്‍ക്കാര്‍ യു പി സ്കൂള്‍ ആണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഈ മാസം അവസാനം വൈദ്യുതി മന്ത്രി എം എം മണി സൗരോര്‍ജ പ്ലാന്‍റിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും.

പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്ന 56 വര്‍ഷം പഴക്കമുള്ള ഈ ഹൈടെക് സ്കൂളില്‍ 975 കുട്ടികളും 31 അധ്യാപകരുമാണുള്ളത്. എനര്‍ജി മാനേജ്‌മെന്‍റ് സെന്‍റര്‍ നടത്തിയ ഊര്‍ജ ഉത്സവത്തില്‍ കുട്ടികള്‍ കാട്ടിയ മികവിനുള്ള അംഗീകാരം കൂടിയായാണ് സോളാര്‍ പാനലുകള്‍ സ്കൂളില്‍ സ്ഥാപിച്ചത്. 

പ്രതിദിനം രണ്ടു കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേണ്ടത്ര പാനലുകള്‍ ആണ് എനര്‍ജി മാനേജ്‌മെന്‍റ് സെന്‍റര്‍ സ്കൂളില്‍ സ്ഥാപിച്ചത്. 2.66 ലക്ഷം രൂപ ഇതിനായി ചിലവായി. സ്കൂളിന്‍റെ വിഹിതമായി മണ്ണഞ്ചേരി പഞ്ചായത്ത് 80,000 രൂപ ഗുണഭോക്തൃ വിഹിതമായി എനര്‍ജി മാനേജ്‌മെന്‍റ് സെന്‍ററിന് നല്‍കി. 

സ്കൂളിന്‍റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ വൈദ്യുതി ഇതില്‍ നിന്ന് ലഭിക്കും. മാസം ഏകദേശം 4000 രൂപ വൈദ്യുതി ബില്‍ ഇനത്തില്‍ ഇതോടെ സ്കൂളിന് ലഭിക്കാനാകും. സ്കൂളിലെ 14 ക്ലാസ്സ്‌ മുറികളില്‍ ലാപ്‌ടോപ്‌, പ്രൊജക്ടര്‍, സ്ക്രീന്‍ തുടങ്ങിയ സ്മാര്‍ട്ട്‌ സംവിധാനങ്ങള്‍ ഉണ്ട്.

ഇത് കൂടാതെ മറ്റു 12 ക്ലാസ്സ്‌ മുറികളും നഴ്സറി വിഭാഗത്തിന്‍റെ 5 ക്ലാസ്സ്‌ മുറികളും ഓഫീസും ഇനി സൗരോര്‍ജ്ജത്തിലാകും പ്രവര്‍ത്തിക്കുക. വൈദ്യുതി ഉപയോഗത്തില്‍ സ്വയം പര്യാപ്തത നേടുന്നതിനോപ്പം ഭീമമായ വൈദ്യുതി ബില്ലില്‍ നിന്നും ഇതോടെ തമ്പകച്ചുവട് സ്കൂളിനു മോചനം ലഭിക്കും.