Asianet News MalayalamAsianet News Malayalam

സോളാര്‍ കേസ് – നാള്‍വഴി ഇങ്ങനെ

kerala solar scam time line
Author
First Published Sep 26, 2017, 7:06 AM IST

ജൂൺ 03, 2013 
സോളാർ തട്ടിപ്പ് കേസിൽ സരിതാ നായർ അറസ്റ്റിലായി.

ജൂൺ 04, 2013
ടീം സോളാറിന്‍റെ തട്ടിപ്പ് അന്വേഷിക്കാന്‍ കോടതി ഉത്തരവ്. 

ജൂൺ 12, 2013
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസുമായി സരിതാനായർക്ക് ബന്ധമെന്ന് നിയമസഭയിൽ പ്രതിപക്ഷാരോപണം. സോളാര്‍ തട്ടിപ്പു കേസില്‍ മല്ലേലില്‍ ശ്രീധരന്‍ നായര്‍ പത്തനംതിട്ട  ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

ജൂൺ 14, 2013
മുഖ്യമന്ത്രി  ദില്ലിയിലെ വിജ്ഞാനഭവനില്‍വെച്ച് സരിതയെ കണ്ടു എന്ന് തോമസ് കുരുവിള.

ജൂൺ 14, 2013
സോളാര്‍ തട്ടിപ്പില്‍ ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ പി.എ ടെനി ജോപ്പനെയും, ഗൺമാൻ സലിംരാജിനെയും തൽസ്ഥാനങ്ങളിൽനിന്നും നീക്കി.

ജൂൺ 15 2013
സോളാർ തട്ടിപ്പുകേസ് അന്വേഷിക്കാൻ എഡിജിപി ഹേമചന്ദ്രന്‍റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

 ജൂണ്‍ 15, 2013
കൊച്ചിയിലെ ഗസ്റ്റ്ഹൗസില്‍വെച്ച് ഉമ്മന്‍ചാണ്ടി ബിജു രാധാകൃഷ്ണനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിന്‍റെ വിവരങ്ങള്‍ പുറത്തുവന്നു.  

ജൂൺ 16, 2013
സരിതയുടെയും ബിജുവിന്‍റെയും വീടുകളിലും ഓഫീസുകളിലും റെയ്ഡ്. ശാലു മേനോന്‍റെ വീടിന്‍റെ പാലുകാച്ചല്‍ ചടങ്ങില്‍ ആഭ്യന്തരമന്ത്രി പങ്കെടുത്തതിന്‍റെ തെളിവുകള്‍ പുറത്തുവന്നു. 

 ജൂൺ 17, 2013
ബിജു രാധാകൃഷ്ണൻ കോയമ്പത്തൂരിൽ അറസ്റ്റിലായി. ഉമ്മൻചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രക്ഷോഭം. പൊതുചടങ്ങുകളിൽ മുഖ്യമന്ത്രിയെ ബഹിഷ്ക്കരിക്കാൻ തീരുമാനം.

 ജൂൺ 26, 2013
ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ പേഴ്സണൽസ്റ്റാഫംഗം ജിക്കുമോൻ ജേക്കബ് രാജിവച്ചു. 

 ജൂൺ 28, 2013
മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പനെ അറസ്റ്റു ചെയ്തു

ജൂലൈ 01, 2013
വ്യവസായി മല്ലേലില്‍ ശ്രീധരൻ നായരുടെ പരാതിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരും പരാമർശിച്ചിരിക്കുന്നതിനെച്ചൊല്ലി വിവാദം.

 ജൂലൈ 03, 2013
സരിതാനായരുടെ ഫോൺവിളി രേഖകൾ മാധ്യമങ്ങൾക്ക്. വിളിച്ചവരിൽ തിരുവഞ്ചൂർ രാധാകൃഷ്ണനുൾപ്പെടെ 4 മന്ത്രിമാർ.

ജൂലൈ 04, 2013
സരിതയുടെ ഫോണ്‍വിളിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രണ്ടു കേന്ദ്ര മന്ത്രിമാര്‍, 7 സംസ്ഥാന മന്ത്രിമാര്‍, 6 എം.എല്‍.എമാര്‍, ഒരു എം.പി എന്നിവര്‍ കോള്‍ ലിസ്റ്റില്‍. 

ജൂലൈ 05, 2013
സോളാര്‍ കേസില്‍ നടി ശാലു മേനോനെ അറസ്റ്റുചെയ്തു. 

 ജൂലൈ 06, 2013
മല്ലേലില്‍ ശ്രീധരൻ നായരുടെ രഹസ്യമൊഴി റാന്നി ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തി. 

ജൂലൈ 8, 2013
ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ചയ്ക്ക് സരിത സഹായിച്ചെന്ന് ശ്രീധരൻ നായരുടെ വെളിപ്പെടുത്തല്‍.

 ജൂലൈ 20, 2013
സെക്രട്ടറിയേറ്റിൽവെച്ച് ടെനി ജോപ്പന് 2 ലക്ഷം രൂപ കൊടുത്തെന്ന് സരിതാ നായർ.

 ജൂലൈ 30, 2013
സരിതയ്ക്കും ബിജുവിനുമെതിരെ ആദ്യ കുറ്റപത്രം പ്രത്യേക അന്വേഷണസംഘം തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. 

 ആഗസ്ത് 12, 2013
ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് വളയൽ സമരം.

ആഗസ്ത് 13, 2013
മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു, എൽഡിഎഫ് അനിശ്ചിതകാല ഉപരോധസമരം പിൻവലിച്ചു.

 ആഗസ്ത് 28, 2013
സരിതയേയും ബിജു രാധാകൃഷ്ണനേയും എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി സരിത കോടതിയില്‍ പറഞ്ഞെങ്കിലും മജിസ്ട്രേറ്റ് അത് രേഖപ്പെടുത്താതിരുന്നത് പിന്നീട് വിവാദമായി. 

സെപ്റ്റംബർ 10, 2013
സലിംരാജിനെ അറസ്റ്റ് ചെയ്തു.

 സെപ്റ്റംബര്‍ 11, 2013
മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യം പിടിച്ചെടുക്കണമെന്ന ഹര്‍ജി ഹൈക്കോടതി തളളി.

 ഒക്ടോബര്‍ 09, 2013
മല്ലേലില്‍ ശ്രീധരന്‍ നായരുടെ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തതായി അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. 

ഒക്ടോബര്‍ 11, 2013
സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ ക്ളീന്‍ചിറ്റ്. മല്ലേലില്‍ ശ്രീധരന്‍ നായരുടെ ആരോപണം ശരിയാണെന്ന് കരുതിയാലും അതിന്‍റെ പേരില്‍ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി.  

 ഒക്ടോബർ 23, 2013
പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ശിവരാജൻ അധ്യക്ഷനായി സോളാർ തട്ടിപ്പ് കേസ് അന്വേഷിക്കാൻ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു.

ഒക്ടോബർ 25, 2013
മല്ലേലില്‍ ശ്രീധരന്‍ നായരുടെ പരാതിയില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ടെനി ജോപ്പന്‍ തട്ടിപ്പിനു കൂട്ടുനിന്നതായി കുറ്റപത്രത്തില്‍. മുഖ്യമന്ത്രിയെക്കുറിച്ചു പരാമര്‍ശമില്ല. 

 ഒക്ടോബർ 27, 2013
കണ്ണൂരിൽ എൽഡിഎഫ് പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിക്കുനേരെ കല്ലേറ്.

 ഒക്ടോബർ 30, 2013
സരിതാനായരുടേയും ബിജു രാധാകൃഷ്ണന്‍റേയും ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ പി.എ. ടെനി ജോപ്പന് അറിയാമായിരുന്നുവെന്ന് അന്വേഷണസംഘത്തിന്‍റെ കുറ്റപത്രം.  

ഒക്ടോബർ 30, 2013
മല്ലേലില്‍ ശ്രീധരന്‍ നായരുടെ രഹസ്യമൊഴി പുറത്ത്. മുഖ്യമന്ത്രിയെ കണ്ടത് സരിതയ്ക്കൊപ്പമെന്നും മുഖ്യമന്ത്രി സഹായിക്കാമെന്നു പറഞ്ഞെന്നും ശ്രീധരന്‍ നായര്‍. 

 നവംബര്‍ 13, 2013
ലൈംഗികചൂഷണത്തിന്‍റെ പരാതി ഉന്നയിച്ച സരിത ചില പേരുകള്‍ പറഞ്ഞുവെന്ന് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍.വി.രാജു വിജിലന്‍സ് രജിസ്ട്രാര്‍ക്കു മൊഴി നല്‍കി. 

 നവംബർ 21, 2013
മന്ത്രിമാരുമൊത്ത് സരിതയുടെ വീഡിയോ രംഗങ്ങൾ ഉണ്ടെന്ന് സരിതയുടെ അഭിഭാഷകൻ. 

 നവംബർ 26, 2013
മാധ്യമങ്ങൾക്ക് ബിജുവിന്‍റെ തുറന്ന കത്ത്. എല്ലാ പ്രശ്നങ്ങൾക്കും കാരണം സരിതയും മന്ത്രി ഗണേഷ് കുമാറും തമ്മിലെ ബന്ധമെന്ന് കത്തില്‍ പരാമര്‍ശം.

ഡിസംബർ 10, 2013
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് ക്ലിഫ് ഹൗസ് വളയ‌ൽ ആരംഭിച്ചു. 

 ഡിസംബർ 26, 2013
എൽഡിഎഫ് സമരം പിൻവലിച്ചു.

 ജനുവരി 20, 2014
സരിതാനായരുടെ സാന്നിധ്യത്തില്‍ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടതായി ആരോപിക്കപ്പെട്ട തീയതിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം തളളിയ ഹൈക്കോടതി നടപടിക്കെതിരെ ജോയ് കൈതാരം നല്‍കി ഹര്‍ജി സുപ്രീംകോടതി തളളി.  

 ഫെബ്രുവരി 21, 2014
സരിതാനായർ ജയിൽ മോചിതയായി.

 മാർച്ച് 03, 2014 
ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ പ്രവർത്തനമാരംഭിച്ചു. എ.പി. അബ്ദുള്ളകുട്ടി ബലാൽസംഗം ചെയ്തെന്ന് സരിതയുടെ ആരോപണം.

 ഏപ്രിൽ 28, 2014
ശിവരാജൻ കമ്മീഷന്‍റെ കാലാവധി 6 മാസത്തേക്കുകൂടി നീട്ടി.

 ജൂണ്‍ 05, 2014
സരിതകേസ് കൈകാര്യം ചെയ്തതില്‍ മുന്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍.വി.രാജുവിന് ഗുരുതരമായ വീഴ്ചപറ്റിയതായി ഹൈക്കോടതി. 

 ജൂണ്‍ 11, 2014
സരിതാ നായര്‍ ലൈംഗിക ചൂഷണത്തെക്കുറിച്ചു പരാതി പറഞ്ഞിട്ടും പരാതി എഴുതി വാങ്ങാതെ വീഴ്ച വരുത്തിയ മജിസ്ട്രേറ്റിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടി തുടരാന്‍ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം. 

 ജൂലൈ 01, 2014
അന്വേഷണ കമ്മീഷന്‍ നിയമനം രാഷ്ട്രീയപ്രേരിതമാണെന്നാരോപിച്ച് ജൂഡീഷ്യല്‍ കമ്മീഷനെതിരെ സരിതാനായര്‍ ഹൈക്കോടതിയെ സമീപിച്ചു.  

ജൂലൈ 04, 2014
മന്ത്രിമാർക്കും രാഷ്ട്രീയക്കാർക്കുമെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് സരിത സോളാർ കമ്മീഷനു മൊഴി നൽകി. 

 നവംബര്‍, 07, 2014
മുഖ്യമന്ത്രിയുടെ ഓഫീസ്, പേഴ്സണല്‍ സ്റ്റാഫ്, ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ഉയര്‍ന്നിട്ടുളള ആരോപണങ്ങള്‍ കൂടി അന്വേഷണ പരിധിയില്‍ സോളാര്‍ കമ്മീഷന്‍ ഉള്‍പ്പെടുത്തി.

 ഏപ്രിൽ 07, 2015
കോടതി മുൻപാകെ സമർപ്പിക്കാൻ പത്തനംതിട്ട ജയിലിൽനിന്നും സരിത എഴുതിയ കത്ത് പുറത്തായി.

 ഒക്ടോബർ 13, 2015
സോളാർ കമ്മീഷന്‍റെ കാലാവധി 2016 ഏപ്രിൽ വരെ നീട്ടി.

 ഡിസംബർ 01, 2015
കെ.സി.വേണുഗോപാലും, ആര്യാടൻ മുഹമ്മദും ഗണേഷ്കുമാറും പണം ആവശ്യപ്പെട്ടിരുന്നെന്ന് ബിജു രാധാകൃഷ്ണന്‍റെ വെളിപ്പെടുത്തൽ.

 ഡിസംബർ 04, 2015
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സരിതയുമൊത്തുള്ള രംഗങ്ങളുണ്ടെന്ന് ബിജു രാധാകൃഷ്ണൻ അവകാശപ്പെടുന്ന സിഡി ഹാജരാക്കാൻ ശിവരാജൻ കമ്മീഷൻ ഉത്തരവ്. 

 ഡിസംബർ 10, 2015
സിഡി കണ്ടെടുക്കാൻ പൊലീസ് സംഘം കോയമ്പത്തൂരിലേക്ക്. പക്ഷെ സിഡി കണ്ടെത്താനായില്ല.

 ജനുവരി 14, 2016
വിവാദ കത്ത് കമ്മീഷനു മുൻപാകെ ഹാജരാക്കാൻ കഴിയില്ലെന്ന് സരിത. 

 ജനുവരി 25, 2016
മുഖ്യമന്ത്രി ശിവരാജൻ കമ്മീഷനു മുമ്പാകെ ഹാജരായി 13 മണിക്കൂർ വിചാരണ നേരിട്ടു. സരിതയെ 3 പ്രാവശ്യം കണ്ടിട്ടുണ്ടായിരിക്കുമെന്ന് ഉമ്മൻ ചാണ്ടി മൊഴി നല്‍കി. 

 ജനുവരി 27, 2016
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു കൈക്കൂലി നൽകിയെന്ന് സോളാർ കമ്മീഷനു മുമ്പാകെ സരിതയുടെ മൊഴി. തമ്പാനൂർ രവിയും സരിതയും തമ്മിലെ ഫോൺ സംഭാഷണം പുറത്തായി. ആര്യാടൻ മുഹമ്മദിന് 40 ലക്ഷം രൂപ നൽകിയെന്ന് സരിത.

 ജൂണ്‍ 14, 2016
മുന്‍ മന്ത്രി ഷിബു ബേബിജോണ്‍ സരിതയെ 8 തവണ ഫോണില്‍ വിളിച്ചെന്ന് വ്യക്തമാക്കുന്ന രേഖകള്‍ സോളാര്‍ കമ്മീഷനു ലഭിച്ചു. 

 ജൂണ്‍ 16, 2016
സരിതയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും നേരില്‍ കണ്ടിട്ടില്ലെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ. കമ്മീഷനില്‍ മൊഴി നല്‍കി.

ജൂണ്‍ 16, 2016
സരിതാനായരുമായി എം.എല്‍.എ പി.സി.വിഷ്ണുനാഥ് 183 തവണ ഫോണില്‍ സംസാരിച്ചതായി സോളാര്‍ കമ്മീഷനില്‍ ഫോണ്‍കോള്‍ രേഖകള്‍ കിട്ടി. 

 ജൂണ്‍ 24, 2016
സരിതാനായരെ നേരിട്ടു കണ്ടിട്ടുണ്ടെന്നു മുന്‍മന്ത്രി കെ.പി.മോഹനന്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. 

ജൂണ്‍ 24, 2016
സോളാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനും എതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 

 ജൂണ്‍ 27, 2016
സരിതാനായരെ സോളാര്‍ കമ്മീഷന്‍ 9 മണിക്കൂര്‍ ക്രോസ് വിസ്താരം നടത്തി.

 ജൂലൈ 01, 2016 
സരിതയെ കണ്ടിട്ടുണ്ട്, ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് ജോസ് കെ.മാണി എം.പി. സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. 

 ജൂലൈ 13, 2016 
മുന്‍മന്ത്രി എ.പി.അനി‍ല്‍കുമാറിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി നസറുളള 185 തവണ സരിതാനായരുമായി ഫോണില്‍ ബന്ധപ്പെട്ടതിന്‍റെ രേഖകള്‍ സോളാര്‍ കമ്മീഷനു ലഭിച്ചു.  

 ജൂലൈ 15, 2016 
ഉമ്മന്‍ചാണ്ടിക്ക് ദില്ലിയില്‍ വച്ചു പണം നല്‍കിയെന്ന സരിതയുടെ മൊഴി ശരിയെന്ന് ബിജു രാധാകൃഷ്ണന്‍. 

 ജൂലൈ 28, 2016 
സരിതാനായരെ പരിചയമില്ലെന്നും നേരില്‍ കണ്ടിട്ടില്ലെന്നും മുന്‍ മന്ത്രി ജയലക്ഷ്മി സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.

ഒക്ടോബര്‍ 04, 2016
സോളാര്‍ കമ്മീഷന്‍റെ കാലാവധി 6 മാസം നീട്ടി.

 ഒക്ടോബര്‍ 25, 2016
വിജിലന്‍സ് ഡയറക്ടറായിരിക്കെ എന്‍.ശങ്കര്‍ റെഡ്ഡി സോളാര്‍ കേസുമായി ബന്ധപ്പെട്ട പരാതികള്‍ പൂഴ്ത്തിയെന്ന ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു വിജിലന്‍സ് കോടതി നിര്‍ദ്ദേശം.

നവംബര്‍ 08, 2016
ശങ്കര്‍ റെഡ്ഡിക്ക് എതിരായ ഹര്‍ജി കോടതി തളളി. 

ഡിസംബര്‍ 16, 2016
സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ സരിതാനായര്‍ക്കും ബിജു രാധാകൃഷ്ണനും മൂന്നുവര്‍ഷം തടവും പിഴയും. 

 ഡിസംബര്‍ 23, 2016
സോളാര്‍ കമ്മീഷനു മുമ്പാകെ വീണ്ടും ഉമ്മന്‍ചാണ്ടി ഹാജരായി. സരിത നായരുമായി ഉമ്മന്‍ചാണ്ടി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന സലിംരാജിന്‍റെ മൊഴി അദ്ദേഹം തളളി. 

 ജനുവരി 30, 2017
പേഴ്സണല്‍ സ്റ്റാഫ് തന്‍റെ ഓഫീസ് ദുരുപയോഗം ചെയ്തിട്ടില്ലെന്ന് വീണ്ടും സോളാര്‍ കമ്മീഷനു മുമ്പാകെ ഉമ്മന്‍ചാണ്ടി മൊഴി നല്‍കി.  
 

Follow Us:
Download App:
  • android
  • ios