തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിച്ചേക്കും. ഫലം അന്തിമമായി വിലയിരുത്താന്‍ ഇന്ന് പരീക്ഷാ ബോര്‍ഡ് യോഗം ചേരും. പൊതുവിദ്യാഭ്യാസവകുപ്പിനാകെ നാണക്കേടുണ്ടാക്കിയ എസ്എസ്എല്‍സി പരീക്ഷഫലപ്രഖ്യാപനമായിരുന്നു കഴിഞ്ഞവര്‍ഷം. 

തിരക്കിട്ട ഫലം പ്രഖ്യാപിക്കാന്‍ ശ്രമിച്ചതും മാര്‍ക്കുകള്‍ പരീക്ഷഭവനിലെ സോഫ്റ്റ് വെയറിലേക്ക് രേഖപ്പെടുത്തിയതിലെ സൂക്ഷമതകുറവും മൂലം ഫലം കുളമായി. ഇത്തവണ കുറ്റമറ്റതാക്കാന്‍ നേരത്തെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ തവണ രണ്ടുവട്ടമായിരുന്നു പ്രഖ്യാപനം. 98.57 ശതമാനമായിരുന്നു ഫലം. പുനര്‍മൂല്യനിര്‍ണ്ണയം പൂര്‍ത്തിയപ്പോള്‍ ഫലം 99.16 എന്ന റെക്കോര്‍ഡ് ശതമാനത്തിലെത്തി. 

കൂടുതല്‍ സൂക്ഷ്മമായ മൂല്യനിര്‍ണ്ണയം നടന്നതിനാല്‍ വിജയശതമാനം ഇത്തവണ കുറയാനാണ് സാധ്യത. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസമന്ത്രിക്ക് പകരം പൊതുവിദ്യാഭ്യാസ ഡയറക്ടറും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും പരീക്ഷാസെക്രട്ടറിയും സംയുക്തമായിട്ടായിരിക്കും പ്രഖ്യാപനം നടത്തുക. 

ഫലം എളുപ്പത്തില്‍ അറിയാന്‍ ഐടി അറ്റ് സ്‌ക്കൂള്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐടിഎസ് എന്ന് ടൈപ്പ് ചെയ്ത് രജിസ്റ്റര്‍ നമ്പര്‍ ചേര്‍ത്ത് 9645221221 എന്ന് രജിസ്റ്റര്‍ ചെയ്താല്‍ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഫലം അറിയാം,. 04846636966 എന്ന നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ നമ്പര്‍ ടൈപ്പ് ചെയ്താലും ഫലം അറിയാം.