തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് പൂരനഗരി സജ്ജമാവുകയാണ്. ഞായറാഴ്ച പകല്‍ പ്രധാന വേദിയുടെ പന്തലിന് കാല്‍നാട്ടും. വിഖ്യാതമായ തൃശൂര്‍ പൂരത്തിന്‍റെ പ്രദര്‍ശനനഗരിയായ തേക്കിന്‍കാട് മൈതാനിയാണ് ഒന്നാം വേദിക്കായി നിശ്ചയിച്ചിരിക്കുന്നത്. സ്വരാജ് റൗണ്ടിന് ചുറ്റുമായി നാല് വേദികളുണ്ടെന്നതും പ്രത്യേകതയാണ്. 

തേക്കിന്‍കാടിന്‍റെ പടിഞ്ഞാറെ ഭാഗത്ത് മണികണ്ഠനാല്‍ പരിസരത്ത് രണ്ടാം വേദിയും തെക്കേഗോപുരനട ഭാഗത്ത് ജോസ് തിയറ്ററിന് മുന്‍വശത്തായി 21-ാം വേദിയും റൗണ്ടിന്‍റെ വടക്ക് കിഴക്കുഭാഗത്തായി ഗവ.മോഡല്‍ ഗേള്‍സ് സ്‌കൂളിലെ വേദിയും സിഎംഎസ് സ്‌കൂളിലെ വേദിയുമാണ് സ്വരാജ് റൗണ്ടുമായി തൊട്ടുരുമി നില്‍ക്കുന്നത്. ദിവസങ്ങള്‍ നീണ്ട ആലോചനകള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് തേക്കിന്‍കാട് മൈതാനത്തെ സ്‌കൂള്‍ കലോത്സവ വേദിയാക്കാന്‍ തീരുമാനിച്ചത്. 

കലോത്സവ നാളുകളില്‍ തന്നെ തൃശൂര്‍ പൂരത്തിന്‍റെ മുഖ്യപങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലെ വേലാഘോഷം നടക്കുന്നത് ആശങ്കകളുയര്‍ത്തുന്നുണ്ട്. എങ്കിലും തൃശൂരിന്‍റെ മഹിമ നിലനിര്‍ത്തുന്നതിന് കലോത്സവത്തിന്‍റെയും ദേവസ്വത്തിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും ധാരണാചര്‍ച്ചകള്‍ നടക്കുന്നുണ്ട്. രണ്ട് പരിപാടികള്‍ക്കും തടസങ്ങളില്ലാത്ത വിധം ക്രമീകരണങ്ങളുണ്ടാക്കുനാണ് ശ്രമം‍. ജനുവരി അഞ്ചിനും ഏഴിനും വേലാഘോഷം നടക്കുമ്പോള്‍ ആറ് മുതല്‍ 10 വരെയാണ് കലോത്സവം.

തൃശൂര്‍ ഗവ.മോഡല്‍ ബോയ്‌സ്, സേക്രഡ്ഹാര്‍ട്ട്, ഹോളിഫാമിലി, സെയ്ന്‍റ് ക്ലയേഴ്‌സ് എച്ച്എസ്എസ്, ക്ലയേഴ്‌സ് എല്‍പി, സിഎംഎസ്, വിവേകോദയം, സെന്‍റ് തോമസ് കോളജ് എച്ച്എസ്എസ്, കാല്‍ഡിയന്‍ സ്‌കൂളുകളിലും സാഹിത്യ അക്കാദമി, ടൗണ്‍ഹാള്‍, ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് മുന്‍വശം, മുണ്ടശേരി ഹാള്‍, ബാലഭവന്‍ ഹാള്‍, ബാലഭവന്‍ ഓപ്പണ്‍ സ്റ്റേജ്, ഹോളി ഫാമിലി സ്‌കൂള്‍, യാക്കോബായ ചര്‍ച്ച് ഹാള്‍, രാമവര്‍മ്മപുരം പൊലീസ് അക്കാദമി എന്നിവിടങ്ങളിലും റീജ്യണല്‍ തീയേറ്ററിലും വേദികളുണ്ടാവും. 

വേദികളുടെ പേരുകള്‍ പിന്നീട് തീരുമാനിക്കും. 25 വേദികളിലാണ് കൗമാരകലാമേളയുടെ മല്‍സരങ്ങള്‍ നടക്കുക. ദൂരക്കൂടുതല്‍ അനുഭവപ്പെടുന്ന പൊലീസ് അക്കാദമിയില്‍ ബാന്‍ഡ് മേള മത്സരമാണ് നിശ്ചയിച്ചിരിക്കുന്നത്. രചനാ മത്സരങ്ങളാണ് സെന്‍റ് തോമസ് കോളജ് എച്ചഎസ്എസില്‍. ചിത്ര രചന ഫൈന്‍ആര്‍ട്‌സ് കോളജിലാണ്. സിഎംഎസില്‍ അറബി കലോത്സവവും വിവേകോദയത്തില്‍ സംസ്‌കൃത കലോത്സവവും അരങ്ങേറും. ഇവിടെ രണ്ടിടത്തുമായി രണ്ട് വേദികള്‍ വീതമുണ്ടാവും. സംഗീത നാടക അക്കാദമിയുടെ റീജ്യണല്‍ തിയറ്ററിലാണ് നാടകമത്സരം.