കേരളത്തെ വെളിയിട വിസര്‍ജ്ജന വിമുക്തമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ വരള്‍ച്ച ആശങ്കാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാല് മാസം കൊണ്ട് ഗ്രാമീണ മേഖലയില്‍ നിര്‍മ്മിച്ച് നല്‍കിയത് 1,74,720 കക്കൂസുകള്‍. അട്ടപ്പാടിയും കുട്ടമ്പുഴയും ഇടമലക്കുടിയുമടക്കം ദുര്‍ഘടമായ ഗ്രാമങ്ങളില്‍ പോലും സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കി. സ്ഥാപിച്ച കക്കൂസുകളില്‍ വെള്ളമടക്കമുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ട ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. നഗരപ്രദേശങ്ങളില്‍ മാര്‍ച്ച് മാസത്തോടെ പദ്ധതി പൂര്‍ത്തിയാക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പൊതു ശൗചാലയങ്ങള്‍ കൂടി നിര്‍മ്മിച്ച് നല്‍കുന്നതോടെ മാത്രമേ ലക്ഷ്യം പൂര്‍ണ്ണമാകൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്രെയിനുകളിലും വെളിയിട വിസര്‍ജ്ജനം ഒഴിവാക്കണം.

സംസ്ഥാനത്ത് രൂക്ഷമായ വരള്‍ച്ച പ്രതിരോധിക്കാന്‍ മഴവെള്ള സംഭരണം ഊര്‍ജിതമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥിതി ആശങ്കാജനകമാണ്. കുളങ്ങളും തോടുകളും പുനരുജ്ജീവിപ്പിക്കണം. ജലസ്രോതസ്സ് വീണ്ടെടുക്കുകയാണ് അടുത്ത ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു.