സംഭവബഹുലമായ ഒരു വർഷമായിരുന്നു കടന്നു പോയത്. കേരളത്തെ സംബന്ധിച്ച് മറക്കാനാവാത്ത മുറിവുകൾ സമ്മാനിച്ച വര്‍ഷമായിരുന്നു 2018​. എന്നിട്ടും  പോയവര്‍ഷത്തെ നഷ്ടങ്ങളും സങ്കടങ്ങളും പ്രളയദുഖവും മറന്ന് ആഘോഷലഹരിയില്‍ കേരളവും പുതുവര്‍ഷത്തെ സ്വാഗതം ചെയ്തു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഫോര്‍ട്ട്‌കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിച്ചാണ് ആയിരങ്ങൾ ആഘോഷം തുടങ്ങിയത്.

കൊച്ചി നഗരത്തിലെ വിവിധ സ്വകാര്യ ഹോട്ടലുകളിലും ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളായ കോവളത്തും വര്‍ക്കലയിലും വിദേശികളടക്കം നിരവധിപേര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. ഡി ജെ പാര്‍ട്ടികളും ആഘോഷങ്ങള്‍ക്ക് മിഴിവേകി. പ്രളയ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഔദ്യോഗിക ആഘോഷ പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. കനത്ത സുരക്ഷയിലായിരുന്നു തലസ്ഥാനം. പുതുവര്‍ഷ പാര്‍ട്ടികളില്‍ എക്‌സൈസ് പോലീസ് സംഘത്തിന്റെ നിരീക്ഷണം ഉണ്ടായിരുന്നു. കോഴിക്കോട് കടപ്പുറത്ത് പുതുവത്സരത്തെ വരവേൽക്കാൻ നിരവധി പേരെത്തി. രാജ്യത്തെ പ്രധാനനഗരങ്ങളായ ദില്ലി, മുംബൈ ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, പനാജി എന്നിവിടങ്ങളിലും വ്യത്യസ്തമായ ആഘോഷം നടന്നു.

ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ ന്യൂസിലാന്റിലെ ഓക്ലാന്റിലാണ് ലോകത്ത് ആദ്യമായി പുതുവർഷം പിറന്നത്. ഇവിടെ കരിമരുന്ന് പ്രയോഗം കാണാന്‍ പതിനായിരങ്ങളെത്തി. തൊട്ടുപിന്നാലെ ഓസ്ട്രേലിയയിലും പുതുവർഷമെത്തി. ദുബായില്‍ ബുര്‍ജ് ഖലീഫയിലാണ് പ്രധാനമായും ആഘോഷപരിപാടികള്‍ നടന്നത്. ദക്ഷിണ കൊറിയ. ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളെല്ലാം വിപുലമായ ആഘോഷങ്ങളോടെയാണ്​ 2019നെ സ്വാഗതം ചെയ്​തത്​.

 ഇന്ത്യൻ സമയം പുലർച്ചെ 1.30ടെയാണ് ഗൾഫ് രാജ്യങ്ങളിൽ പുതുവർഷം പിറന്നത്. ലോകത്തിന്റെ പലഭാഗങ്ങളിലും വേറിട്ട രീതിയിലാണ് ആഘോഷം നടന്നത്. ജക്കാർത്തയിൽ നൂറുകണക്കിന് ദന്പതിമാർ സമൂഹ വിവാഹത്തിലൂടെ പുതുവത്സരത്തിൽ ജീവിതപങ്കാളിയെ കണ്ടെത്തി. പാട്ടും നൃത്തവുമായി അമേരിക്കയും ഫ്രാൻസും ജർമ്മനിയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങൾ പുതുവർഷത്തെ ആഘോഷത്തോടെ വരവേൽക്കുകയാണ്.