ചെങ്ങമനാട്: കിണറ്റില്‍ ചാടുകയും കേറുകയും വീണ്ടും ചാടുകയും പല തവണ ചെയ്യുകയും കിണറ്റില്‍ നിന്നും കയറാന്‍ കൂട്ടാക്കാതെയും വൃദ്ധന്‍ വീട്ടുകാരെയും നാട്ടുകാരെയും ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും വട്ടം കറക്കിയത് മണിക്കൂറുകള്‍. 

ചൊവ്വാഴ്ച പുലര്‍ച്ചെ ദുരൂഹ സാഹചര്യത്തില്‍ സ്ഥലത്തെ ഒരു കിണറ്റില്‍ കണ്ടെത്തിയ ദേശം കുന്നുംപുറത്ത് സ്വദേശി രാജേന്ദ്രനാണ് കിണറ്റില്‍ നിന്നും കയറിയും വീണ്ടും വെള്ളത്തില്‍ ചാടിയും നാട്ടുകാരേയും വീട്ടുകാരേയും വിഷമിപ്പിച്ചത്. 

ഫയര്‍ഫോഴ്‌സിന്റെ ഏണിയും കയറും വെള്ളത്തിലേക്ക് വലിച്ചിടാന്‍ ശ്രമിക്കുക, അവര്‍ കിണറ്റിലേക്ക് ഇറക്കിയ ഏണിയില്‍ പിടിച്ച് മുകളിലെത്തിയ ശേഷം വീണ്ടും വെള്ളത്തിലേക്ക് ചാടുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്ത മാനസീകാസ്വാസ്ഥ്യമുള്ള രാജേന്ദ്രനെ ഒരു വിധം പിടിച്ചുകയറ്റുകയായിരുന്നു. 

കഴിഞ്ഞ ദിവസം രാത്രിയില്‍ നായ പതിവില്ലാതെ കുരയ്ക്കുന്നത് കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്ന് നോക്കുമ്പോള്‍ രാജേന്ദ്രന്‍ ഏകദേശം 30 അടി താഴ്ചയുള്ള കിണറ്റില്‍ കിടക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു വീട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചിട്ട് നടക്കാതെ വന്നതോടെ ഫയര്‍ഫോഴ്‌സിനെ വിളിക്കുക ആയിരുന്നു.

രക്ഷാപ്രവര്‍ത്തകര്‍ എത്തിയതോടെ കിണറ്റില്‍ കിടന്നു ബഹളം വെച്ച ഇയാള്‍ കയറാന്‍ കൂട്ടാക്കാതെ ഫയര്‍ഫോഴ്‌സിന്റെ കോണിയും അലുമിനിയം ലാഡറും മറ്റും കിണറ്റിലേക്ക് വലിച്ചിടാന്‍ ശ്രമിച്ചു. ഒടുവില്‍ കോണിയില്‍ പിടിച്ച് സ്വയം കയറിയ രാജേന്ദ്രന്‍ മുകളില്‍ എത്തിയ ശേഷം വീണ്ടും കിണറ്റിലേക്ക് ചാടുകയും ചെയ്തു. 

അനേകം തവണ ഇക്കാര്യം ആവര്‍ത്തിച്ചതോടെ സ്ഥലത്തെത്തിയ പോലീസും രക്ഷാ പ്രവര്‍ത്തകരും ബലമായി പിടിച്ച് കരയ്ക്കു കയറ്റുകയായിരുന്നു. ഏറ്റവും ഒടുവില്‍ ചെമ്മങ്ങനാട് പോലീസ് ഇയാളെ സ്‌റ്റേഷനില്‍ എത്തിച്ചെങ്കിലും അവിടെയും ബഹളം തുടര്‍ന്നതോടെ വീട്ടുകാരെ തന്നെ വിളിച്ചുവരുത്തി ഒപ്പം പറഞ്ഞുവിട്ടു.