Asianet News MalayalamAsianet News Malayalam

കേരളത്തിന് കൂടുതല്‍ സഹായം: പ്രധാനമന്ത്രി

കേരളത്തിന് ആവശ്യമായ വസ്തുക്കള്‍ നല്‍കും. പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചതിന് ശേഷം താന്‍ കേരളത്തിന്‍റെ അവസ്ഥ നിരീക്ഷിച്ച് വരികയാണെന്നും പ്രധാനമനമന്ത്രി അറിയിച്ചു. 

Kerala will get more help from central govt says pm
Author
Delhi, First Published Aug 26, 2018, 2:46 PM IST

ദില്ലി: പ്രളയം നേരിട്ട കേരളത്തിന് കൂടുതല്‍ സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരള ഗവര്‍ണര്‍ പി സദാശിവവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 25 നാണ് ദില്ലിയില്‍വച്ച് മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിന് ആവശ്യമായ വസ്തുക്കള്‍ നല്‍കും. പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചതിന് ശേഷം താന്‍ കേരളത്തിന്‍റെ അവസ്ഥ നിരീക്ഷിച്ച് വരികയാണെന്നും പ്രധാനമനമന്ത്രി ഗവര്‍ണറെ അറിയിച്ചു.

തന്റെ നിര്‍ദ്ദേശപ്രകാരം തന്നെയാണ് ക്യാബിനറ്റ് സെക്രട്ടറി അദ്ധ്യക്ഷനായ ദേശീയ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി നിത്യേന യോഗം ചേര്‍ന്ന് ആഗസ്റ്റ് 16 മുതല്‍ 21 വരെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്തത്. ഉയര്‍ന്ന സൈനിക, സിവില്‍ ഉദ്യോഗസ്ഥരും ദേശീയ ദുരന്തനിവാരണസേനാ പ്രതിനിധികളും മറ്റുമടങ്ങിയ ഈ സമിതിയില്‍ കേരള ചീഫ് സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി പങ്കെടുത്തിരുന്നു .

ഈ യോഗങ്ങളുടെ പശ്ചാത്തലത്തിലാണ് 40 ഹെലിക്കോപ്റ്റര്‍, 31 വിമാനം, 182 രക്ഷാടീമുകള്‍, 18 സൈനിക മെഡിക്കല്‍ സംഘങ്ങള്‍, 58 ദേശീയ ദുരന്തനിവാരണസേനാ ടീമുകള്‍ , ഏഴു കമ്പനി കേന്ദ്ര സായുധസേന , നേവി , കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍, രക്ഷാസന്നാഹങ്ങളുള്ള 500 ബോട്ടുകള്‍ എന്നിവയെ വിന്യസിച്ചുകൊണ്ട് കേന്ദ്രം വിപുലമായ രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നോട്ടിഫൈ ചെയ്യപ്പെട്ട ഏത് ദുരന്തത്തിലും രക്ഷാപ്രവര്‍ത്തനത്തിനായി ധനസഹായമനുവദിക്കുന്നത് ദേശീയ, സംസ്ഥാന പ്രതികരണനിധിയുടെ മാനദണ്ദം അനുസരിച്ചാണ്. സംസ്ഥാന ദുരന്തപ്രതികരണനിധിഎന്ന നിലയില്‍ ഓരോ സംസ്ഥാനത്തിനും അനുവദിച്ച ഫണ്ടിന്റെ 75% തുകയും ധനകാര്യ കമ്മീഷന്‍ അനുമതി പ്രകാരം കേന്ദ്രം നല്‍കിയിട്ടുള്ളതാണ്. പ്രത്യേക പരിഗണയര്‍ഹിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണനിധിയിലേക്ക് 90% ആണ് കേന്ദ്രം നല്‍കുക.

സംസ്ഥാനത്ത് വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ജൂലൈ 21 ന് സര്‍ക്കാര്‍ ഒരു ഇടക്കാല മെമ്മോറാണ്ടം കേന്ദ്രത്തിന് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 12 ന് ഒരു കേന്ദ്ര ഇന്‍റര്‍ മിനിസ്റ്റീരിയല്‍ ടീം കേരളം സന്ദര്‍ശിച്ച് നഷ്ടത്തിന്റെ കണക്കെടുത്തിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ രാജ്നാഥ് സിംഗ്, സഹമന്ത്രി ശ്രീ കിരണ്‍ റിജിജു എന്നിവരുടെ സന്ദര്‍ശനവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ഇപ്പോഴത്തെ പ്രളയം വരുത്തിയ നഷ്ടത്തെക്കുറിച്ചുള്ള ഒരു അഡീഷണല്‍ മെമോറാണ്ടം രക്ഷാപ്രവര്‍ത്തനം തീരുന്നമുറയ്ക്ക് സംസ്ഥാനം നല്‍കുമെന്നാണ് അറിയുന്നത്. എന്നാല്‍, ഇതിനുള്ള കാലതാമസം പരിഗണിച്ചാണ് 600 കോടി രൂപ സഹായമായി അനുവദിച്ചത്. ഇതാകട്ടെ, സംസ്ഥാന ദുരന്ത പ്രതികരണനിധിയിലേക്ക് കേരളത്തിന് നല്‍കിയിട്ടുള്ള 562.45 കോടി രൂപയ്ക്കു പുറമേയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സാമ്പത്തിക സഹായത്തിനുപുറമേ ആഹാരം, ജലം, മരുന്നുകള്‍, ധാന്യങ്ങള്‍ തുടങ്ങിയവയും കേരളത്തിന്റെ ആവശ്യമനുസരിച്ച് എത്തിക്കാന്‍ കഴിഞ്ഞു. കേരളത്തിലെ അടിയന്തരസാഹചര്യം പരിഗണിച്ച നടപടിക്രമങ്ങള്‍ ഒഴിവാക്കിയാണ് സഹായം എത്തിച്ചത്.

ഇപ്പോള്‍ അനുവദിച്ചിട്ടുള്ള 600 കോടി രൂപ കേരളത്തിനുള്ള സഹായത്തിന്റെ അഡ്വാന്‍സ് മാത്രമാണ്. ദേശീയ ദുരന്ത പ്രതികരണനിധിയുടെ മാനദണ്ദമനുസരിച്ച് അധിക ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി ഗവര്‍ണര്‍ക്ക് ഉറപ്പുനല്‍കി. പ്രധാനമന്ത്രിയെ കണ്ടശേഷം ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ രാജ് നാഥ് സിംഗിനെയും സന്ദര്‍ശിച്ച് സംസ്ഥാനത്തെ ക്രമസമാധാനത്തെയും അതിനെക്കാള്‍ പ്രധാനമയി രക്ഷാ , പുനരധിവാസ പ്രവര്‍ത്തനത്തെയും കുറിച്ച് വ്യക്തമാക്കി. നഷ്ടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് അധിക ധനസഹായം ലഭ്യമാക്കുമെന്ന് അദ്ദേഹവും ഉറപ്പുനല്‍കി.

Follow Us:
Download App:
  • android
  • ios