ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം മണ്‍സൂണ്‍ മേഘങ്ങള്‍ അടുത്ത 72 മണിക്കൂറില്‍ കേരളത്തിലെത്തിയേക്കും  

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ. തിങ്കളാഴ്ച്ച വരെ മഴ തുടരുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് നിര്‍ദേശം നല്‍കി. 21 സെ.മീ വരെ മഴ പെയ്‌തേക്കാം എന്നാണ് മുന്നറിയിപ്പ്. മെയ് 30 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനും വിലക്കുണ്ട്. മുന്‍ കരുതല്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

അതേസമയം തെക്ക്-പടിഞ്ഞാറ് മണ്‍സൂണ്‍ മേഘങ്ങള്‍ കേരളതീരത്തേക്ക് നീങ്ങി തുടങ്ങിയതായി സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിസായ സ്‌കൈമെറ്റ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച്ച വൈകിട്ടോടെ ആന്‍ഡമാന്‍ നിക്കോബാറിനോട് അടുത്ത മണ്‍സൂണ്‍ മേഘങ്ങള്‍ തിങ്കള്‍-ചൊവ്വ ദിവസങ്ങളിലായി കേരളത്തിലെത്തുമെന്നാണ് സ്‌കൈമെറ്റിന്റെ പ്രചചനം. ശക്തമായ കാലവര്‍ഷത്തിനായിരിക്കും കേരളവും തമിഴ്‌നാടും ശ്രീലങ്കയും സാക്ഷ്യം വഹിക്കുകയെന്നും സ്‌കൈമെറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.കേരത്തിന്റെ തെക്കന്‍ ജില്ലകളിലാവും മണ്‍സൂണ്‍ മഴ ആദ്യം ശക്തമാക്കുക. 

മഴയെ തുടര്‍ന്ന് കൊല്ലം ജില്ലയിലെ എല്ലാ താലൂക്കുകളിലും ഇതിനോടകം കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. മഴ ശക്തമായി തുടരുകയാണെങ്കില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നേക്കാം. അടിയന്തര സാഹചര്യം മുന്നില്‍ കണ്ട് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഒരുക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. 

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ മലയോരമേഖലയില്‍ രാത്രി യാത്രപരിമിതപ്പെടുത്തണം, ബീച്ചുകളില്‍ വിനോദസഞ്ചാരികള്‍ ഇറങ്ങരുത്. 25 ശതമാനം അധികം വേനല്‍മഴയാണ് ഇതുവരെ സംസ്ഥാനത്ത് കിട്ടിയത് .8 ജില്ലകളില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ അധികം മഴ കിട്ടി , ശക്തമായ വേനല്‍ മഴ തീരുന്നതിന് മുന്‍പേ തന്നെ കാലവര്‍ഷം ആരംഭിച്ചേക്കും.