മലയാള പത്രങ്ങളുടെ ഒന്നാം പേജില്‍ ഇടംപിടിച്ച ഈ ചിത്രം കേരളത്തിലെ മഹാപ്രളയത്തിന്‍റെ തീവ്രമായ കാഴ്‌ച്ചയായിരുന്നു. മഴക്കെടുതിയില്‍ വിറങ്ങലിച്ച കേരളവും അമ്മയും കുഞ്ഞും ഒരേ തീവ്രതയില്‍ നമ്മെ സ്‌പര്‍ശിച്ചു. ഇത് പകര്‍ത്തിയ മലയാളി ഫോട്ടോഗ്രാഫര്‍ ചിത്രത്തെ കുറിച്ച് സംസാരിക്കുന്നു. 

കൊച്ചി: കേരളത്തെ കണ്ണീരിലാഴ്ത്തിയ മഹാപ്രളയത്തില്‍ നിന്ന് രക്ഷപെട്ട് ആലുവയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ അമ്മയും കുഞ്ഞും‍. മലയാള പത്രങ്ങളുടെ ഒന്നാം പേജില്‍ ഈ ചിത്രം ഇടംപിടിച്ചിരുന്നു. മഴക്കെടുതിയില്‍ വിറങ്ങലിച്ച കേരളവും 'അമ്മയും കുഞ്ഞും' ഒരേ തീവ്രതയില്‍ അതില്‍ അനുഭവവേദ്യമായി. ദുരന്തമുഖത്തുനിന്ന് ആശ്വാസതീരത്തിയതിന്‍റെ സന്തോഷാശ്രു പങ്കിട്ട ഈ ചിത്രം പകര്‍ത്തിയത് ഒരു മലയാളി ഫോട്ടോ ജേര്‍ണലിസ്റ്റാണ്. 

അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സിന്‍റെ ഫോട്ടോഗ്രാഫറായ മലയാളി ശിവറാം അയ്യറാണ് ഇത് പകര്‍ത്തിയത്. കൊച്ചി സ്വദേശിയായ ശിവറാം നേരത്തെ ദി വീക്കിന്‍റെ ഫോട്ടോ എഡിറ്റര്‍ ആയിരുന്നു. രാജ്യത്തെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായ ശിവറാം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് ചിത്രത്തിനെക്കുറിച്ച് സംസാരിച്ചു.

"ആലുവ മാര്‍ത്താണ്ഡം പാലത്തിന് സമീപമുള്ള ശിവന്‍ കോവലിനടുത്തുനിന്നാണ് ഇവരെ രക്ഷപെടുത്തിയത്. പ്രളയത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന എട്ടോ പത്തോ അംഗങ്ങളുള്ള കുടംബത്തിലെ രണ്ടുപേര്‍‍. ഇവരെ വലിയ മത്സ്യബന്ധനബോട്ടില്‍ ആലുവ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിക്കുകയായിരുന്നു. ബോട്ടില്‍നിന്ന് കുട്ടിയെയാണ് മത്സ്യത്തൊഴിലാളികള്‍ ആദ്യം കരയിലിറക്കിയത്. എന്നാല്‍ ദുരിതാശ്വാസ ക്യാമ്പിന് പുറത്തെ ആള്‍ക്കൂട്ടം കണ്ടപ്പോള്‍ കുട്ടി വാവിട്ട് കരഞ്ഞു. പിന്നാലെ ബോട്ടില്‍ നിന്നിറങ്ങിയ അമ്മയുടെ കൈകളിലേക്ക് അവര്‍ കുഞ്ഞിനെ കൈമാറി. പിന്നീടത് അമ്മയും കുഞ്ഞും ചേര്‍ന്നുള്ള സ്‌നേഹക്കണ്ണീരായി അതു മാറി". 

ദുരിതാശ്വാസ ക്യാമ്പിന് പുറത്തെ തിക്കിലുംതിരക്കുകളിലും അവരോട് കൂടുതലായൊന്നും ശിവറാം അയ്യര്‍ക്ക് സംസാരിക്കാനായില്ല. എന്നാല്‍ ഈ ചിത്രം ഒരുപാട് സംസാരിക്കുന്നുണ്ട്. അവര്‍ സുഖമായിരിക്കുന്നോ എന്നറിയില്ലെങ്കിലും കേരളത്തെ ആശങ്കയില്‍ മുക്കിയ മഹാപ്രളയത്തിന്‍റെ കണ്ണീര്‍ചുഴിയില്‍ ഈ ചിത്രം എക്കാലവും മറക്കാനാവാത്ത ഓര്‍മ്മയാകുമെന്നുറപ്പ്.