Asianet News MalayalamAsianet News Malayalam

പുൽവാമ ആക്രമണം; മരിച്ചവരിൽ വയനാട് സ്വദേശിയും

വയനാട് ലക്കിടി സ്വദേശിയായ വി വി വസന്തകുമാർ ആണ് ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി

keralite soldier included in pulwama incident
Author
Pulwama, First Published Feb 15, 2019, 5:30 AM IST

പുൽവാമ: പുൽവാമയില്‍ ജെയ്ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേർ ആക്രമണത്തിൽ മരിച്ചവരിൽ ഒരാൾ മലയാളിയാണെന്ന് സ്ഥിരീകരണം. വയനാട് ലക്കിടി സ്വദേശിയായ വി വി വസന്തകുമാരാണ് ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി. എൺപത്തിരണ്ടാം ബെറ്റാലിയനിൽപ്പെട്ട വസന്ത് കുമാർ അടക്കം 39 പേരാണ് ഇന്നലത്തെ ചാവേർ ആക്രമണത്തിൽ മരിച്ചത്.

ജമ്മു - ശ്രീനഗര്‍ ദേശീയ പാതയിലെ അവന്തിപ്പൊരയിൽ ഇന്നലെ ഉച്ചതിരിഞ്ഞ് വൈകീട്ട് 3.25 നാണ്, ജമ്മുകശ്മീരിന്‍റെ ചരിത്രത്തിൽ ഇന്ത്യന്‍ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവും കനത്ത ഭീകരാക്രമണം നടന്നത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ 200 കിലോഗ്രാം സ്ഫോടക വസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റിയാണ് തീവ്രവാദി സ്ഫോടനം നടത്തിയത്. 

വാഹന വ്യൂഹത്തിന്‍റെ മധ്യഭാഗത്തായി 42 പേര്‍ സഞ്ചരിച്ച ബസിലേയ്ക്കാണ് ഇയാള്‍ വാഹനം ഇടിച്ചു കയറ്റിയത്. ജയ്ഷെ മുഹമ്മദ് അംഗം ആദിൽ അഹമ്മദാണ് ചാവേറാക്രമണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. പുൽവാമ സ്വദേശിയായ ഇയാള്‍ 2018 ലാണ് ജയ്ഷെ മുഹമ്മദിൽ ചേര്‍ന്നതെന്നും ജമ്മു പൊലീസ് അറിയിച്ചു. 

ജമ്മുവിൽ നിന്ന് ശ്രീനഗറിലേയ്ക്ക് പോയ വാഹനവ്യൂഹത്തിൽ 78 ബസുകളുണ്ടായിരുന്നു. 2500 ലധികം ജവാന്മ‍ാരാണ് വാഹനങ്ങളിലുണ്ടായിരുന്നത്. അന്വേഷണത്തിനായി 12 അംഗ എന്‍ഐഎ സംഘം നാളെ ജമ്മു കശ്മീരിലെത്തും. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും സ്ഥിതിഗതികള്‍ വിലയിരുത്തി. ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില കൊള്ളുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചു. 

Follow Us:
Download App:
  • android
  • ios