ചുരുങ്ങിയത് ആറായിരം റിയാല്‍ പ്രതിമാസം വരുമാനമുണ്ടെങ്കില്‍ ഒരു കുട്ടിയും ഭാര്യയുമടങ്ങുന്ന കുടുംബത്തെ കൂടെ താമസിപ്പിക്കാന്‍ കഴിഞ്ഞിരുന്ന കാലം ഖത്തറില്‍ ഇപ്പോള്‍ പഴങ്കഥയായിരിക്കുന്നു. നിയമ പ്രകാരം പതിനായിരം റിയാലിനു മുകളില്‍ ശമ്പളമില്ലാത്തവര്‍ക്ക് കുടുംബ വിസ ലഭിക്കില്ലെന്ന നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷവും മറ്റു രീതികളില്‍ കുടുംബ വിസകള്‍ സംഘടിപ്പിച്ചും സന്ദര്‍ശക വിസയിലും പലരും കുടുംബത്തെ കൊണ്ടുവന്നു കൂടെ താമസിപ്പിച്ചിരുന്നു. എന്നാല്‍ വീട്ടുവാടക ഉള്‍പ്പെടെ ജീവിത ചിലവുകള്‍ കുത്തനെ കൂടിയതോടെ ശരാശരി വരുമാനക്കാരായ മലയാളികള്‍ കുടുംബത്തെ നാട്ടിലേക്കയക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. വില്ലകള്‍ വിഭജിച്ചുണ്ടാക്കിയ ഒറ്റമുറിയില്‍ ഭാര്യയും കുട്ടിയുമായി ഒതുങ്ങി ജീവിക്കാമെന്നു കരുതിയാലും വര്‍ധിച്ചു വരുന്ന വിദ്യാഭ്യാസ ചിലവു തന്നെയാണ് പലര്‍ക്കും തലവേദനയാവുന്നത്.
താരതമ്യേന ചിലവു കുറഞ്ഞ സ്‌കൂളില്‍ ചെറിയ ക്ലാസുകളിലേക്ക് ഒരു കുട്ടിയെ പഠിപ്പിക്കാന്‍ പോലും കുറഞ്ഞത് ഒരു മാസം 900 റിയാല്‍ ചിലവു വരും. കഴിഞ്ഞ ജൂണ്‍ 25 മുതല്‍ ഇക്കഴിഞ്ഞ ജൂണ്‍ വരെയുള്ള കാലയളവില്‍ ഏഴ് ശതമാനം വരെ വര്‍ധനയാണ് സ്‌കൂള്‍ ഫീസിനത്തില്‍ മാത്രം ഉണ്ടായിട്ടുള്ളതെന്ന് ഖത്തര്‍ വികസന-ആസൂത്രണ മന്ത്രാലയം തന്നെ വെളിപ്പെടുത്തുന്നു. സ്കൂള്‍ കെട്ടിടങ്ങളുടെ വാടകയിലും ജീവനക്കാരുടെ താമസത്തിനുമുള്ള ചിലവ് അധികമായതാണ് ഫീസ് വര്‍ദ്ധിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. താമസ വാടകയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 4.8 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്.ഇതിനു പുറമെ എണ്ണ വിലയിടിവിനെ തുടര്‍ന്ന് രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയും കുടുംബമായി താമസിച്ചിരുന്നവരെ പ്രതികൂലമായി ബാധിച്ചു. ചെറിയ രീതിയില്‍ ബിസിനസ് നടത്തി പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച പലരും പ്രതിസന്ധിയിലായതോടെ കുടുംബത്തെ നാട്ടിലേക്കയച്ച് ചെലവ് ചുരുക്കാനുള്ള ശ്രമത്തിലാണ്. എന്തായാലും വരും നാളുകളില്‍ ഖത്തറില്‍ നിന്നും കൂടുതല്‍ കുടുംബങ്ങള്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുമെന്നാണ് ഇപ്പോള്‍ കിട്ടുന്ന സൂചനകള്‍.
