കെവിന്‍റെ മൃതദേഹം സംസ്കരിച്ചു
കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടര്ന്ന് പെണ്കുട്ടിയുടെ ബന്ധുക്കള് തട്ടിക്കൊണ്ടുപോയി ദുരൂഹ സാഹചര്യത്തില് മരിച്ച നിലയില് കണ്ടെത്തിയ കെവിന്റെ മൃതദേഹം സംസ്കരിച്ചു. അന്ത്യ ശുശ്രൂഷകള് നല്കി, ഉപചാരമര്പ്പിച്ചതിന് ശേഷം വൈകീട്ട് 4.45 ഓടെ വന് ജനാവലിയുടെ സാന്നിധ്യത്തിലാണ് കെവിന്റെ മൃതദേഹം കോട്ടയം ഗുഡ് ഷെപ്പേര്ഡ് പള്ളി സെമിത്തേരിയില് സംസ്കരിച്ചത്.
ഭാര്യ നീനു, പിതാവ് അടക്കം ബന്ധുക്കളെല്ലാം പള്ളിയിലുണ്ടായിരുന്നു. കെവിന്റെ അന്ത്യോപചാര ചടങ്ങിനിടെ നീനുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. കെവിന് അന്തിമോപചാരം അർപ്പിക്കാൻ നിരവധി പേരാണ് നട്ടാശേരിയിലെ വാടക വീട്ടിലെത്തിയത്.
ഇതിനിടെ കെവിനെ തട്ടിക്കൊണ്ടുപോയ ഭാര്യാസഹോദരന് ഷാനു ചാക്കോയും പിതാവ് ചാക്കോയും പൊലീസില് കീഴടങ്ങി. ഇരുവരും ഹൈക്കോടതിയില് മുന്കൂര് ജാമ്യാപേക്ഷ നല്കിയിരുന്നു. എന്നാല് ഇരുവരും കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
കേസിലെ പ്രധാന പ്രതികളായ ഇരുവരും നേരത്തെ ബംഗളുരുവിലേക്ക് കടന്നിരുന്നു. ഇവരെ പിന്തുടർന്ന് പൊലീസിന്റെ പ്രത്യേക സംഘവും ബംഗളുരുവിലെത്തി. പിന്നാലെ ഇരുവരും കേരളത്തിലേക്ക് മടങ്ങി. ഇവരുടെ ചിത്രങ്ങൾ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും നൽകിയിരുന്നു. പൊലീസ് അന്വേഷണം കൂടുതൽ ശക്തമാക്കിയതിനെ തുടർന്നാണ് ഇരുവരും കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
