പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തത തേടി ആരോഗ്യവകുപ്പ് ഡയറക്ടർക്കയച്ച കത്തിന് മറുപടി കാത്തിരിക്കുകയാണ് അന്വേഷണസംഘം
കേരളത്തെ ഞെട്ടിച്ച ദുരഭിമാനകൊലയ്ക്ക് ഇരയായ കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിന് ജോസഫിന്റെ കൊലപാതകം പുറംലോകമറിഞ്ഞിട്ട് ഇന്നേയ്ക്ക് ഒരു മാസം. പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് വ്യക്തമാക്കുമ്പോള്ത്തന്നെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ അവ്യക്തത ആശങ്കപ്പെടുത്തുന്നുവെന്നും പറയുന്നു കെവിന്റെ കുടുംബം.
കഴിഞ്ഞ മാസം 27നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാത്ത് നിന്നും ഷാനുവും സംഘവും തട്ടിക്കൊണ്ട് പോകുന്നത്. ഷാനുവിന്റെ സഹോദരി നീനുവിനെ കെവിൻ രജിസ്റ്റർ വിവാഹം ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് കെവിനെ തട്ടിക്കൊണ്ട് പോകുന്നത്. 28 ന് പുലർച്ചെ തെന്മലയിൽ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കെവിനൊപ്പം തട്ടിക്കൊണ്ടുപോയ അനീഷിനെ സംഘം അന്നുതന്നെ വിട്ടയച്ചു. അനീഷ് ഏറ്റുമാനൂർ പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടി വൈകിയത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കി. ഒരു മാസം പിന്നിടുമ്പോൾ കേസിലുൾപ്പെട്ട 14 പേരും അറസ്റ്റിലായി. തെന്മലയിൽ വച്ച് സംഘത്തിൽ നിന്ന് രക്ഷപ്പെട്ട കെവിനെ പുഴയിലേക്ക് വീഴ്ത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഐജിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ ഒരു പരാതി മാത്രമാണ് കെവിന്റെ കുടുംബത്തിനുള്ളത്. അത് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിലെ അവ്യക്തതയാണ്.
സിബിഐ അന്വേഷണം വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തെ കെവിന്റെ കുടുംബം തള്ളിയിരുന്നു. നീനുവിനെ വിട്ടുനൽകാൻ മുഖ്യസാക്ഷി അനീഷ് പണം വാഗ്ദാനം ചെയ്തുവെന്നതുൾപ്പടെയുള്ള ആരോപണങ്ങൾ നീനുവിന്റെ അച്ഛൻ ചാക്കോ കോടതിയിൽ ഉന്നയിച്ചിരുന്നു. മാനസികരോഗിയാണെന്ന ചാക്കോയുടെ വാദങ്ങളെ തള്ളി നീനു രംഗത്തെത്തി. ദുരഭിമാനക്കൊല നടന്ന് ഒരു മാസം പിന്നിടുമ്പോൾ കെവിന്റെ അച്ഛൻ തന്റെ വർക്ക്ഷോപ്പ് വീണ്ടും തുറന്നു. നീനു കോളേജിൽ പോയിത്തുടങ്ങി. സ്വന്തമായി വീട് നിർമ്മിക്കാൻ കെവിന്റെ കുടുംബത്തിന് സർക്കാർ സഹായം പ്രഖ്യാപിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തത തേടി ആരോഗ്യവകുപ്പ് ഡയറക്ടർക്കയച്ച കത്തിന് മറുപടി കാത്തിരിക്കുകയാണ് അന്വേഷണസംഘം. കേസിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം തുടരുകയാണ്.
