'കെവിന്‍ ഓടി രക്ഷപെടാൻ പറ്റിയ അവസ്ഥയിലായിരുന്നില്ല'

കോട്ടയം: കെവിനെ അവസാനമായി കാണുമ്പോള്‍ ഓടി രക്ഷപ്പെടാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ലെന്ന് കെവിനൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധു അനീഷ്. കെവിന്റെ മൃതദേഹം കണ്ടതിന് സമീപം വച്ചാണ് കെവിനെ അവസാനമായി കാണാന്‍ കഴിഞ്ഞത്. തനിക്ക് ഛർദ്ദിക്കാനായി വാഹനങ്ങൾ നിര്‍ത്തുകയായിരുന്നു. ഈ സമയം കെവിനെ വാഹനത്തിൽ നിന്ന് ഇറക്കി റോഡിൽ കിടത്തുന്നത് കണ്ടു. പുലർച്ചെ നാല് മണിയോടെയാണ് സംഭവമെന്ന് കരുതുന്നു . ഉടൻ താൻ അബോധാവസ്ഥയിലായി. 

നേരം വെളുത്ത ശേഷമാണ് ഷാനുവും സംഘവും തന്റെയടുത്ത് തിരിച്ചെത്തിയത്. കെവിൻ പുഴ നീന്തി കടന്നെന്നാണ് ഷാനു ചാക്കോ തന്നോട് പറഞ്ഞത്. എന്നാല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലുണ്ടായിരുന്ന കെവിന്‍ ഓടിരക്ഷപ്പെട്ടു എന്ന് പറയുന്നത് വിശ്വസിക്കാനാകില്ലെന്നാണ് അനീഷ് പറയുന്നത്. നീനുവിനെ ഹോസ്റ്റലിൽ നിന്ന് വിളിച്ചിറക്കിത്തരാമെന്ന് സമ്മതിച്ചതോടെയാണ് തന്നെ കോട്ടയത്തേക്ക് തിരിച്ച് കൊണ്ടുവന്നതെന്നും അനീഷ് പറഞ്ഞു.

തട്ടിക്കൊണ്ടുപോകും വഴി ഷാനു ചാക്കോയും ഗാന്ധിനഗർ എസ്ഐ യും ഫോണിൽ സംസാരിച്ചിരുന്നതായി അനീഷ് നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞിരുന്നു. ഇരുവരും മൂന്ന് തവണ ഫോണിൽ സംസാരിച്ചിരുന്നു. ഇതിൽ രണ്ട് തവണ എസ്ഐ ഷാനുവിനെ അങ്ങോട്ട് വിളിച്ചതാണ്. തലേദിവസം രാത്രി പട്രോളിംഗിനിടെ ഷാനുവിനെ എസ്ഐ ചോദ്യം ചെയ്തിരുന്നു. അപ്പോൾ എസ്ഐക്ക് 10000 രൂപ നൽകിയെന്ന് ഷാനു പറഞ്ഞതായും അനീഷ് പറയുന്നു.

ഞായറാഴ്ച പുലര്‍ച്ചെയാണ് ഭാര്യസഹോദരന്‍ ഷാനു ചാക്കോയടക്കമുള്ള സംഘം കെവിനെയും ബന്ധു അനീഷിനെയും വീടാക്രമിച്ച് തട്ടിക്കൊണ്ടുപോകുന്നത്. തുടര്‍ന്ന് കെവിനെ കാണാനില്ലെന്ന പരാതിയുമായി കെവിന്‍റെ പിതാവും ഭാര്യ നീനുവും എത്തിയെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയോടെ കെവിന്‍റെ മൃതദേഹം കൊല്ലം പുനലൂര്‍ ചാലിയേക്കരയിലെ തോട്ടില്‍ കണ്ടെത്തുകയായിരുന്നു.