കെവിൻ വധം: സ്പെഷ്യല്‍ ബ്രാഞ്ചിന് വീഴ്ച പറ്റി

തിരുവനന്തപുരം: നവവരനായ കെവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയ വിവരം എസ്പിയെ അറിയിക്കുന്നതിൽ സ്പെഷ്യൽ ബ്രാഞ്ചിന് വീഴ്ചപറ്റിയതായി കണ്ടെത്തല്‍. കുടുംബപ്രശ്നം എന്ന നിലയിൽ ലഘൂകരിച്ച് റിപ്പോർട്ട്‌ നൽകി. ഒരാൾ രക്ഷപെട്ടോടിയെന്നും മറ്റേയാള്‍ ഉടന്‍ എത്തുമെന്നും സ്പെഷ്യൽ ബ്രാഞ്ച് എസ്പിയെ ധരിപ്പിച്ചു . ഇതിന്‍റെ അടിസ്ഥാനത്തിലാണ് എസ്പി മുഖ്യമന്ത്രിക്ക് വിവരം നല്‍കിയതെന്നും അന്വേഷണസംഘം കണ്ടെത്തി.

അതേസമയം കെവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ എല്ലാവരും പൊലീസ് പിടിയിലായി. കഴിഞ്ഞ ദിവസം അഞ്ചു പേർ കൂടി പൊലീസ് പിടിയിലായതോടെയാണിത്. കൊല്ലം ഇടമൺ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു, റമീസ്, ഹസൻ എന്നിവരാണ് ഇന്നലെ പിടിയിലായത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇവരെ കൊല്ലം റൂറൽ പോലീസാണ് പിടികൂടിയത്.

ഷാനു, ഷിനു, വിഷ്ണു എന്നിവരെ കോയമ്പത്തൂരിൽ നിന്നും റമീസിനെയും ഹസനെയും പുനലൂരിൽ നിന്നുമാണ് പിടികൂടിയത്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ ഉണ്ടായിരുന്നവരാണ് അഞ്ചുപേരും. മുഖ്യപ്രതി ഷാനു ചാക്കോ അടക്കമുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ശനിയാഴ്ച തെന്മലയിലെത്തിച്ച് തെളിവെടുക്കുമെന്നാണ് സൂചന.