കെവിൻ വധം പ്രതികളെ നാളെ തെൻമലയിലെത്തിച്ച് തെളിവെടുക്കും
കൊല്ലം: കെവിൻ വധക്കേസില്‍ പ്രതികളായവരെ നാളെ തെൻമലയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. മുഖ്യപ്രതി ഷാനു, അച്ഛൻ ചാക്കോ എന്നിവരുള്‍പ്പള്‍പ്പട്ടെ സംഘത്തെ കോട്ടയം ഡിസിആര്‍ബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കൊല്ലത്ത് എത്തിക്കുക.
ചാലിയേക്കര റോഡില്‍ വച്ച് ഓടി രക്ഷപ്പെടുകയായിരുന്നു കെവിനെന്ന് പ്രതികളുടെ മൊഴി. കെവിനെ റോഡിലിറക്കി കിടത്തുന്നതായി കണ്ടെന്ന് സുഹൃത്ത് അനീഷിന്‍റെ മൊഴി. പൊരുത്തക്കേടുകള്‍ക്ക് ഉത്തരം കണ്ടെത്താൻ കെവിൻ വധത്തിലെ പ്രതികളുമായി നാളെ അന്വേഷണ സംഘം കൊല്ലത്ത് എത്തും. ആദ്യം എത്തുക കെവിന്‍റെ മൃതദേഹം കണ്ടെത്തിയ ചാലിയക്കര തോടിന് സമീപമാവും.
അതിന് ശേഷം ഗൂഡാലോചന നടന്ന ചാക്കോയുടെ വീട്, കെവിനെയും കൊണ്ട് സംഘം വാഹനത്തില്‍ സഞ്ചരിച്ച വഴികള്‍. ഷാനു ചാക്കോ കൃത്യത്തിന് ശേഷം കടന്ന പത്തനാപുരം എന്നിവിടങ്ങളിലൊക്കെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കെവിൻ എങ്ങനെ കൊല്ലപ്പെട്ടു എന്നതിനെക്കുറിച്ച് ഇപ്പോഴും പൊലിസ് വ്യക്തമായ വിവരമില്ല.
ചാലിയേക്കര റോഡില്‍ നിന്നും കെവിന്‍റെ മൃതദേഹം കിടന്നിരുന്ന തോട്ടിലേക്ക് അറുപതടി താഴ്ചയുണ്ട്. കീഴ്ക്കാംതൂക്കായ ഈ സ്ഥലത്ത് കൂടി കെവിൻ ഓടി രക്ഷപ്പെട്ടു എന്ന മൊഴിയാണ് പൊലിസിനെ കുഴയ്ക്കുന്നത്. ചാലിയേക്കര തോടിന് സമീപം ചെറിയൊരു പാലമുണ്ട് അവിടെ നിന്ന് ശരീരം വലിച്ചെറിഞ്ഞോയെന്നും പരിശോധിക്കും.
വാഹനം ഓടിച്ചിരുന്ന നിയാസിന്‍റെ വീട്ടിലും തെളിവെടുപ്പ് നടത്തും. പ്രതികളെ എത്തിക്കുമ്പോള്‍ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തെൻമലയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ ഒരുക്കും.ഇനിയും പ്രതികളെ പിടികൂടാനുണ്ട്.
