മരിച്ച കെവിനും കുടുംബവും സിപിഎം അനുഭാവികള്‍- വി.എന്‍.വാസവന്‍

കോട്ടയം: ഇന്നലെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയ കെവിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുകളും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് ഏറ്റുവാങ്ങുമെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍.

കേസ് കൈകാര്യം ചെയ്തതില്‍ ഗുരുതരമായ വീഴ്ച്ചയാണ് സസ്പെന്‍ഷനിലായ എസ്.ഐയില്‍ നിന്നുണ്ടായതെന്ന് വാസവന്‍ കുറ്റപ്പെടുത്തി. ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യംപറഞ്ഞത്. 

മരിച്ച കെവിന്‍റെ കുടുംബം സിപിഎം അനുഭാവികളാണ്. കെവിന്‍റെ അച്ഛനും മുത്തച്ഛനും സിപിഎമ്മുകാരാണ്. കെവിന്‍റെ ചെറിയച്ഛന്‍ സിപിഎമ്മിന്‍റെ ലോക്കല്‍ സെക്രട്ടറിയാണ്. കെവിനെ കണ്ടുപിടിക്കണം എന്നാവശ്യപ്പെട്ട് സിപിഎമ്മിന്‍റെ ഏരിയാ സെക്രട്ടറി തന്നെ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.

പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായാല്‍ കെവിന്‍റെ ബന്ധുകളും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങും മൂന്ന് മണിക്ക് കോട്ടയത്തെ നല്ല ഇടയന്‍ പള്ളിയില്‍ സംസ്കരിക്കും - വാസവന്‍ വ്യക്തമാക്കി. 

പെണ്‍കുട്ടിയുടെ കുടുംബം കോണ്‍ഗ്രസ് പശ്ചാത്തലമുള്ളവരാണ്.കേസിലെ മുഖ്യപ്രതി യൂത്ത് കോണ്‍ഗ്രസിന്‍റെ മുന്‍നേതാവാണ്. ആരോപവിധേയനായി സസ്പെന്‍ഡ് ചെയ്യപ്പെട്ട എസ്. ഐ നെയ്യാറ്റിന്‍കര സ്വദേശിയും.കേസ് നടപടികള്‍ അട്ടിമറിക്കാന്‍ ഇവര്‍ തമ്മില്‍ ഒത്തുകളിച്ചുവോ എന്ന് സംശയിക്കുന്നുവെന്നും വിഎന്‍.വാസവന്‍ പ്രതികരിച്ചു.