കെവിന്‍റെ കൊലപാതകത്തില്‍ പൊലീസിനെതിരെ ഭാര്യ നീനു പൊലീസ് ആദ്യം തിരിഞ്ഞുനോക്കിയില്ലെന്ന് നീനു ആവർത്തിച്ചു

കോട്ടയം: കെവിന്‍റെ കൊലപാതകത്തില്‍ പൊലീസിനെതിരെ ഭാര്യ നീനു. കെവിനെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനില്‍ ചെന്നപ്പോള്‍ തീരുമാനത്തില്‍ മാറ്റമൊന്നുമില്ലേ എന്നാണ് ആദ്യം എസ്.ഐ ചോദിച്ചതെന്ന് നീനു പറഞ്ഞു. പൊലീസ് ആദ്യം തിരിഞ്ഞുനോക്കിയില്ലെന്നും നീനു ആവർത്തിച്ചു.

നീനുവിന്‍റെ വാക്കുകള്‍ ഇങ്ങനെ: സ്വന്തം വീട്ടിലേക്ക് പോകില്ലെന്നും കെവിന്‍റെ കൂടെയേ ജീവിക്കൂവെന്നും, കെവിനെ കണ്ടു പിടിച്ചു തരണമെന്നും പൊലീസിനോട് പറഞ്ഞു. അതോടെ എന്നോട് സ്റ്റേഷനിലിരിക്കാനാണ് പറഞ്ഞത്. പിന്നെ മാധ്യമങ്ങള്‍ വരുന്നത് വരെ താന്‍ അവിടെ ഇരിക്കുകയായിരുന്നു. പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ കെവിന്‍റെ വീട്ടുകാര്‍ക്കൊപ്പം പോവാനാണ് ഇഷ്ടമെന്ന് താന്‍ പറഞ്ഞു. അതിന് മജിസ്ട്രേറ്റ് അനുവാദം നല്‍കുകയായിരുന്നു

കേസ് കുറച്ചു ഗുരുതരമാണെന്നും കെവിനെ പെട്ടെന്ന് കണ്ടുപിടിക്കണമെന്നും മജിസ്ട്രേറ്റ് പൊലീസിനോട് പറഞ്ഞിരുന്നുവെന്നും നീനു പറയുന്നു. ഭര്‍ത്താവിനെ കൊന്ന സ്വന്തം വീട്ടുകാരുടെ അടുത്തേക്ക് ഇനി പോകില്ലെന്നും മരിക്കും വരെ കെവിന്‍റെ ഭാര്യയായി കെവിന്‍റെ വീട്ടില്‍ തന്നെ ജീവിക്കുമെന്നും നീനു പറഞ്ഞു. എന്താണ് നടന്നതെന്ന് തനിക്കറിയില്ല, സ്വന്തം സഹോദരന്‍ കെവിനെ കൊല്ലാന്‍ ഒരുമ്പെടും എന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് നീനു മാധ്യമങ്ങളോട് പറഞ്ഞു.

വിവാഹം നടന്ന കാര്യം അറിയിച്ചപ്പോള്‍ രണ്ടു പേരെയും ഒരുമിച്ചു ജീവിക്കാൻ വിടില്ല എന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നുവെന്നും നീനു പറയുന്നു. സഹോദരൻ ഷാനു ചാക്കോ ഗൾഫിൽ നിന്നും വന്നത് തങ്ങളുടെ പ്രണയം അറിഞ്ഞതുകൊണ്ടെന്നും കൊലപാതകം മാതാപിതാക്കളുടെ അറിവോടെയെന്നും നീനു ആരോപിച്ചു. നീനുവിനെ സംരക്ഷിക്കുമെന്നും കെവിന്റെ പിതാവ് പറഞ്ഞു. 

പ്രണയിച്ച് വിവാഹം കഴിച്ചതിൻറെ പേരിൽ കോട്ടയം മാന്ന‌ാനത്ത് നിന്ന് ശനിയാഴ്ച തട്ടിക്കൊണ്ട് പോ‌യ കെവിനെ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തി. തെൻമലയ്ക്ക് സമീപം ചാലിയക്കര തോട്ടിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. കെവിൻറെ കണ്ണുകൾക്ക് സ‌ാരമായ മുറിവേറ്റിട്ടുണ്ട്. കണ്ണുകൾ ചൂഴ്ന്നെടുത്തോയെന്ന് സംശയമുണ്ട്. കഴുത്തിലും പരിക്കുണ്ട്. മൃതദേഹം റേഡിൽ നിന്ന് വലിച്ചിഴച്ചാണ് തേ‌ാട്ടിൽ കൊണ്ടിട്ടതെന്നാണ് സൂചന.