കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഖാദർ മാങ്ങാടിനെതിരെ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവ്. ക്രമവിരുദ്ധമായി പി എച്ച്ഡി സ്വന്തമാക്കിയെന്ന പരാതിയിലാണ് വൈസ് ചാൻസലർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ തലശ്ശേരി വിജിലൻസ് കോടതി ഉത്തരവിട്ടത്. വിജിലൻസ് കണ്ണൂർ യൂണിറ്റിനാണ് അന്വേഷണച്ചുമതല.

സർവകലാശാലയിലെ ജൂനിയർ ലൈബ്രേറിയനായ സുരേന്ദ്രനാണ് പരാതിക്കാരൻ. വ്യാജ ഹാജർ ബുക്ക് നിർമിച്ചുവെന്നടക്കമുളള പരാതിയിൽ നേരത്തെ ത്വരിതാന്വേഷണം നടത്തിയ കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി വൈസ് ചാൻസലർ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. ഇത് ചോദ്യം ചെയ്തുളള ഹർജിയിലാണ് പുതിയ ഉത്തരവ്.