വേങ്ങര: അച്ചടക്ക നടപടി തന്‍റെ വിശദീകരണം കേൾക്കാതെയെന്ന് വനിതാ ലീഗ് മുൻ അധ്യക്ഷ ഖമറുന്നിസ അൻവർ. ബിജെപിക്ക് ഫണ്ട് നൽകിയതിനെ തുടർന്നാണ് ഖമറുന്നിസ അൻവറിനെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത്. പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് വേങ്ങരയിൽ പ്രചാരണം നടത്തുമെന്ന് ഖമറുന്നിസ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അച്ചടക്ക നടപടിക്കു ശേഷം ആദ്യമായാണ് ഒരു മാധ്യമത്തോട് ഖമറുന്നിസ മനസ് തുറക്കുന്നത്. തന്‍റെ ഭാഗം കേൾക്കാതെ ചില ലീഗ് പ്രവർത്തകരുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങിയാണ് പാർട്ടി നടപടിയെടുത്തതെന്നാണ് വനിതാ ലീഗ് മുൻ അധ്യക്ഷയുടെ പ്രതികരണം. അച്ചടക്ക നടപടി വന്നപ്പോൾ പൊതു പ്രവർത്തനം അവസാനിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ കുടുംബവുംചില ലീഗ് പ്രവർത്തകരും തനിക്കൊപ്പം നിന്നു. മറ്റു പാർട്ടികളിൽ നിന്ന് ക്ഷണം വന്നെങ്കിലും നിരസിച്ചെന്നും ഖമറുന്നിസ കൂട്ടിച്ചേർത്തു.
സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ വരുന്നതിനോട് താല്‍പര്യമില്ലാത്ത വ്യക്തികള്‍ പാര്‍ട്ടിയിലും സമൂഹത്തിലും ഉണ്ടെന്ന് ഖമറുന്നിസ പറയുന്നു. അച്ചടക്ക നടപടിയുടെ സാഹചര്യം മാറി. പാർട്ടി നേതാക്കളും ഖമറുന്നിസയും തമ്മിലുള്ള പിണക്കം മാറി. ഇപ്പോൾ പാർട്ടി വേദികളിൽ സജീവമാണ് ഖമറുന്നിസ.
