തുർക്കി തലസ്ഥാനമായ ഇസ്താംബുളിലെ  സൗദി കോൺസുലേറ്റിലേക്ക് ഖഷോഗി എത്തിയതിന് പിന്നാലെ അദ്ദേഹം കൊല്ലപ്പെട്ടെന്ന് തുർക്കി പുറത്തിറക്കിയ ഔദ്യോഗിക പ്രതികരണത്തിൽ വ്യക്തമാക്കുന്നു

ഇസ്താംബൂള്‍: സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിൽ കൊല്ലുകയായിരുന്നെന്ന് തുർക്കി. തുർക്കി തലസ്ഥാനമായ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിലേക്ക് ഖഷോഗി എത്തിയതിന് പിന്നാലെ അദ്ദേഹം കൊല്ലപ്പെട്ടെന്ന് തുർക്കി പുറത്തിറക്കിയ ഔദ്യോഗിക പ്രതികരണത്തിൽ വ്യക്തമാക്കുന്നു. ഖഷോഗിയുടെ മൃതദേഹം കൊലയാളികളുടെ പദ്ധതിയനുസരിച്ച് നശിപ്പിച്ചെന്നും റിപ്പോർട്ടിലുണ്ട്. ഇതാദ്യമായാണ് ജമാൽ ഖഷോഗിയുടെ മരണത്തിൽ തുർക്കി ഔദ്യോഗികമായി റിപ്പോർട്ട് പുറത്തുവിടുന്നത്.സൗദി ഭരണാധികാരികളുടെ വിമർശകനായ ഖഷോഗി ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് കഴിഞ്ഞമാസം രണ്ടിന് മരിച്ചെന്ന് സ്ഥിരീകരിച്ചെങ്കിലും സംഭവത്തിന്‍റെ യഥാർത്ഥ ചിത്രം ഇപ്പോഴും അജ്ഞാതമാണ്.