ബുര്‍ഹന്‍ വാണി ഉള്‍പ്പടെ 43 ഭീകരരുടെ ശവകുടീരങ്ങള്‍ ഒരുമിച്ച് തീര്‍ത്ത ബഡ്‌സാര ഇന്ത്യാവിരുദ്ധ നീക്കത്തിന്റെ കേന്ദ്രമാണ്. ഇവിടത്തെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനു കഴിഞ്ഞു.

തെക്കന്‍ കശ്മീരിലെ പുല്‍വാമയിലെ ബഡ്‌സാരയിലെ ഈദ്ഗാഹ് മൈതാനവുമായി ചേര്‍ന്നുള്ള ഈ ശവകൂടീരങ്ങള്‍ ഇന്നുവരെ മാധ്യമശ്രദ്ധ നേടിയിട്ടില്ല. 43 പേരുടെ ശവകൂടീരങ്ങളാണ് ഇവിടെ ഉള്ളത്. 43 പേരും ഇന്ത്യക്കെതിരെ ആയുധം കൈയ്യിലെടുത്ത ഭീകരര്‍. എല്ലാവരും സുരക്ഷാ സേനകളുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചവര്‍. ഹിസുബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറായിരുന്ന ബുര്‍ഹന്‍ വാണിയുടെയും നേരത്തെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച ബുര്‍ഹന്റെ സഹോദരന്‍ ഖാലിദിന്റെ കബറും ഇവിടെയുണ്ട്. ഇവര്‍ ഭീകരവാദികളല്ല രക്തസാക്ഷികളാണ് എന്ന് വാദിക്കുന്ന ഒരു വിഭാഗം ഈ ഗ്രൗണ്ട് ഇന്ത്യാ വിരുദ്ധ നീക്കത്തിന്റെ കേന്ദ്രമാക്കുന്നു. സുരക്ഷാസേനകള്‍ ഇവിടെ കയറാതെ ചിലര്‍ ഈ പ്രദേശം സംരക്ഷിക്കുന്നു. കശ്മീരില്‍ നിന്നു കൂടുതല്‍ പേരെ ചെറുപ്പത്തില്‍ തന്നെ ഭീകരസംഘടനകളില്‍ റിക്രൂട്ട് ചെയ്യാനാണ് ഇപ്പോഴത്തെ ശ്രമം. ബുര്‍ഹന്‍ വാണിയുടെ ശവസംസ്‌ക്കാരത്തിന് ശേഷം ഇവിടെ സംഘടിപ്പിച്ച പ്രതിഷേധം റാലിയാണ് കശ്മീരില്‍ ഇപ്പോഴത്തെ അക്രമങ്ങള്‍ക്ക് പ്രകോപനമായത്.