കുട്ടികളെ മാറ്റിയ ശേഷം വനംവകുപ്പ് റെസ്ക്യൂ അംഗം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.

കൊച്ചി: ആലുവ കരുമാലൂരിൽ അങ്കണവാടിക്കുള്ളിൽ പത്തി വിടർത്തിയ മൂർഖൻ പാമ്പിനെ കണ്ടെത്തി. കുട്ടികളുടെ കളിപ്പാട്ടങ്ങൾ സൂക്ഷിച്ച ഷെൽഫിലാണ് പാമ്പിനെ കണ്ടത്. കുട്ടികളെ മാറ്റിയ ശേഷം വനംവകുപ്പ് റെസ്ക്യൂ അംഗം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. ഉച്ചയോടെയാണ് മൂർഖനെ അങ്കണവാടിക്കുള്ളിൽ കണ്ടെത്തിയത്. ഈ സമയം 8 കുട്ടികൾ അങ്കണവാടിയിൽ ഉണ്ടായിരുന്നു.

ഷെൽഫിൽ നിന്ന് അധ്യാപിക കളിപ്പാട്ടങ്ങൾ മാറ്റുമ്പോഴാണ് പത്തി വിടർത്തിയ മൂർഖനെ കണ്ട് ഞെട്ടിയത്. അലറിവിളിച്ച അധ്യാപിക ഹെൽപ്പറുടെ സഹായത്തോടെ കുട്ടികളെ പുറത്തേക്ക് മാറ്റി. പുറത്ത് ജോലി ചെയ്തിരുന്ന രണ്ട് പേർ‍ അകത്തേക്ക് എത്തി പാമ്പിനെ മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുട‍ർന്ന് വാർ‍‍ഡ് മെമ്പ‍ർ വനംവകുപ്പ് റെസ്ക്യൂ അംഗത്തെ വിളിച്ചു വരുത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

അങ്കണവാടിക്ക് ചുറ്റും പാടമാണ്. പുറത്ത് മുമ്പും പാമ്പിനെ കണ്ടിട്ടുണ്ടെങ്കിലും അംഗണവാടിക്കുള്ളിലെത്തുന്നത് ആദ്യം. കഴിഞ്ഞ ശനിയാഴ്ച ശക്തമായ കാറ്റിൽ അംഗണവാടിയുടെ ഒരു ജനലിന് കേടുപാടുകൾ സംഭവിച്ചിരുന്നു. അതിലൂടെയാകാം പുറത്ത് നിന്ന് പാമ്പ് അകത്ത് കയറിയതെന്നാണ് കരുതുന്നത്. അങ്കണവാടിയിൽ കൂടുതൽ പരിശോധന നടത്താനായി 3 ദിവസത്തേക്ക് അവധി നൽകി.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News