സൗദി മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തിക്കൊണ്ടു സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. വികസന നിധികളെ ഒരു കുടക്കീഴില്‍ കൊണ്ട് വന്നു ദേശീയ വികസന നിധി രൂപീകരിക്കാനും രാജാവ് നിര്‍ദേശിച്ചു.

വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നിലവിലുള്ള വികസന നിധികള്‍ ഒരു കുടക്കീഴില്‍ കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ ദേശീയ വികസന നിധി രൂപീകരിക്കാനാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. വ്യവസായ വികസന നിധി, കൃഷി വികസന നിധി, സാമൂഹിക വികസന നിധി, മാനവശേഷി വികസന നിധി തുടങ്ങിയവ ഇനി മുതല്‍ ദേശീയ വികസന നിധിക്ക് കീഴിലായിരിക്കും. പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ വികസന നിധിക്ക് മന്ത്രിയുടെ റാങ്കിലുള്ള ഒരു ഗവര്‍ണറെ നിയമിക്കും. 

ഇന്നലെ രാത്രി പുറത്തിറങ്ങിയ രാജാവിന്റെ ഉത്തരവ് പ്രകാരം മന്ത്രി സുലൈമാന്‍ ബിന്‍ അബ്ദുള്ളയില്‍ നിന്നും ഗതാഗത വകുപ്പ് എടുത്തു മാറ്റി പകരം സിവില്‍ സര്‍വീസ് വകുപ്പിന്റെ ചുമതല നല്‍കി. ഡോ.നബീല്‍ ബിന്‍ മുഹമ്മദ്‌ അല്‍ അമൂദിയാണ് പുതിയ ഗതാഗത മന്ത്രി. സുലൈമാന്‍ അബ്ദുല്‍ ഫതാഹ് അല്‍ മശാതിനെ ഹജ്ജ്-ഉംറ വകുപ്പിന്റെ സഹമന്ത്രിയായി നിയമിച്ചു. തായിഫ് ഗവര്‍ണറായി സആദ് ബിന്‍ മുഖ്ബില്‍ അല്‍ മൈമൂനിയെ നിയമിച്ചു. റിയല്‍ എസ്റ്റേറ്റ്‌ ജനറല്‍ കമ്മീഷന്‍ ഗവര്‍ണറായി ഇസാം അല്‍ മുബാറകിനെ നിയമിച്ചു. നജ്രാന്‍, അല്‍ബാഹ,തബൂക് എന്നിവിടങ്ങളിലെ യൂണിവേഴ്‌സിറ്റികള്‍ക്ക് പുതിയ ഡയരക്ടര്‍മാരെയും രാജാവ് നിയമിച്ചു.