ദുബായ്: യുഎഇ സന്ദര്‍ശനത്തിനെത്തിയ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അബുദാബി അല്‍വത്ത ഷേയ്ഖ് സായിദ് പൈതൃകമേള വേദി സന്ദര്‍ശിച്ചു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനുശേഷം രാജാവ് ദമാമിലേക്ക് തിരിച്ചു.

അബുദാബി കിരീടാവകാശിക്കും ദുബായി ഭരണാധികാരിക്കൊപ്പവുമാണ് സല്‍മാന്‍ രാജാവ് അല്‍വത്ത ഷേയ്ഖ് സായിദ് പൈതൃകമേളയുടെ വേദിയിലെത്തിയത്. 45 മിനുട്ടോളം സമയം ചെലവിച്ച രാജാവ് വിവിധ സ്വദേശി ഗോത്രങ്ങളുടെ വര്‍ണാഭമായ ഘോഷയാത്രയും അശ്വാഭ്യാസ പ്രകടനങ്ങളും സാസംകാരിക പരിപാടികളും ആസ്വദിച്ചു. യുഎഇ ദേശീയ പതാകയും വാളും പൈതൃകവടിയും ചുഴറ്റി നൃത്തം ചെയ്തായിരുന്നു സ്വേദേശികളുടെ ഘോഷയാത്ര.

സൗദി അറേബ്യയുടേയും യുഎഇയുടേയും ദേശീയ പതാകകള്‍ കൈയിലേന്തി യുവാക്കള്‍ കുതിരപുറത്തു നടത്തിയ പ്രകടനവും ശ്രദ്ധേയമായി.

രാഷ്ട്ര പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പേരില്‍ യു എ ഇയുടെ സമ്പന്നമായ പാരമ്പര്യവും ചരിത്രവും വിളംമ്പരം ചെയ്യുന്ന മേളയില്‍ സൗദിയുടെ പ്രത്യേക പവലിയനും ഉണ്ട്. ഫെസ്റ്റിവല്‍ അടുത്തമാസം ഒന്നുവരെ നീണ്ടു നില്‍ക്കും.