കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നതായി പരാതി. മൊഴിമാറ്റാൻ പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് കുട്ടിയുടെ മാതാവ് ഐജിക്ക് പരാതി നൽകി.

കിഴക്കമ്പലം സ്വദേശിയായ പതിനാലുകാരിയെ പത്ത് പേർ ചേർന്ന് പീഡിപ്പിച്ചാണ് കേസ്. ആറ് മാസം മുമ്പായിരുന്നു സംഭവം. പത്ത് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ കടമ്പ്രയാറിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി. പിടിയിലായ ഇവരെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നെന്നാണ് ആരോപണം. പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയിലേക്ക് പോകും വഴി വനിതാ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് മാതാവ് നൽകിയ പരാതിയിൽ പറയുന്നു.

പൊലീസ് ഭീഷണിപ്പെടുത്തെന്നെന്ന് കാണിച്ച് കുന്നത്തുനാട് സിഐയ്ക്ക് പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്നാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി വഴി ഐജിക്ക് പരാതി നൽകിയത്.