തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ആത്മഹത്യാ പ്രവണത കൂടി വരുന്നെന്ന ക്രൈം ബ്യൂറോ റിപ്പോര്‍ട്ട് ആശങ്കാജനകമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കേരളം വളരെയധികം മുന്നിലാണെങ്കിലും മാനസികാരോഗ്യത്തിന് വളരെ പ്രധാന്യം കല്‍പ്പിക്കാത്തതാണ് ഈയൊരവസ്ഥയ്ക്ക് കാരണമെന്നും മന്ത്രി പറഞ്ഞു. കേരള ആരോഗ്യ സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ ദേശീയ വൈദ്യശാസ്ത്ര ഗവേഷണ സമ്മേളനം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ വര്‍ഷത്തെ ലോകാരോഗ്യ സംഘടനയുടെ സന്ദേശമായിരുന്നു 'മാനസികാരോഗ്യം നമുക്ക് പ്രവര്‍ത്തിക്കാം' എന്നത്. സാമൂഹികം, സാമ്പത്തികം, സാംസ്‌കാരികം, പാരമ്പര്യം എന്നിങ്ങനെ പല ഘടകങ്ങളും മാനസികാരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. ജോലി സമയത്തെ മാനസികാരോഗ്യവും പ്രധാനമാണ്. സ്ത്രീകളിലും കുട്ടികളിലും കൗമാരക്കാരിലും വിഷാദരോഗം കൂടി വരുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ശാരീരിക പ്രശ്‌നത്തിന് ചികിത്സ തേടുന്നത് പോലെ ബഹുഭൂരിപക്ഷവും മാനസികാരോഗ്യത്തിന് ചികിത്സ തേടാറില്ല. ജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ആശ്വാസ് എന്ന പദ്ധതി നടപ്പാക്കിയത്. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ തന്നെ ഇത് പരിശോധിച്ച് കണ്ടെത്താനും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മുതലുള്ള ആശുപത്രികളില്‍ ചികിത്സിക്കാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്., ആരോഗ്യ സര്‍വകലാശാല ഡീന്‍ ഡോ. ഹരികുമാരന്‍ നായര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സബൂറ ബീഗം, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ഇന്ദു പി.എസ്. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗമാണ് ഈ ദേശീയ ഗവേഷണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ പ്രബന്ധങ്ങളവതരിപ്പിക്കും.

മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, ആരോഗ്യവും വികസനവും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. സി.ആര്‍. സോമന്‍ സ്മാരക പ്രഭാഷണം നടത്തി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്., ഐ.ജി. പി. വിജയന്‍ ഐ.പി.എസ്., വെല്ലൂര്‍ മെഡിക്കല്‍ കോളേജ് മാനസികാരോഗ്യ വിഭാഗം മേധാവി ഡോ. പോള്‍ റസല്‍, ബാംഗലൂര്‍ നിംഹാന്‍സിലെ ഡോ. ജയസൂര്യ എന്നിവര്‍ തുടര്‍ വിദ്യാഭ്യാസ പരിപാടിയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

 ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഈ സമ്മേളനത്തില്‍ മെഡിക്കല്‍ കോളേജിലും ദന്തല്‍ കോളേജിലുമുള്ള വിവിധ വേദികളില്‍ ഇരുന്നൂറോളം പ്രബന്ധങ്ങളാണ് അവതരിപ്പിച്ചു വരുന്നത്.