കോഴിക്കോട്: ജിഷ്ണുവിന്റെ അമ്മ മഹിജ ഡി.ജി.പി ഓഫീസിന് മുന്നില്‍ സമരവുമായി പോകേണ്ടിയിരുന്നില്ലെന്ന് മന്ത്രി കെ.കെ ശൈലജ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ അവര്‍ക്ക് നല്‍കിയ പിന്തുണയും സഹായവും കുടുംബം ഓര്‍ക്കണമായിരുന്നു. സമരം ചെയ്യേണ്ട ഘട്ടം ഇതായിരുന്നില്ല. അവര്‍ ആരുടെയോ കൈകളില്‍ കളി ക്കുകയാണ്. കേസ് അന്വേഷണത്തെ കുറിച്ചുള്ള പത്രപരസ്യം നല്‍കിയത് സര്‍ക്കാര്‍ ഭാഗം ന്യായീകരിക്കാനല്ലെന്നും അന്വേഷണത്തെ കുറിച്ച് ജനങ്ങളെ അറിയിക്കാനെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

മഹിജക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ചുകൊണ്ടാണ് ഇന്നത്തെ അച്ചടി മാധ്യമങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കി സര്‍ക്കാര്‍ പത്രപരസ്യം നല്‍കിയത്. മഹിജയെ പൊലീസ് വലിച്ചിഴച്ചുവെന്നത് തെറ്റിദ്ധാരണാജനകമായ പ്രചാരണമാണെന്ന് പരസ്യം പറയുന്നു. ‍ഡി.ജി.പി ഓഫീസിന് മുന്നിലെത്തിയ മഹിജക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പുറത്തു നിന്നും നുഴഞ്ഞുകയറിയ സംഘമാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മകന്‍ നഷ്‌ടപ്പെട്ട കുടുംബത്തിന്റെ വേദന മുതലെടുത്ത് സമൂഹത്തില്‍ ബോധപൂര്‍വ്വമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് ചിലരുടെ നീക്കമെന്ന് ലക്ഷങ്ങള്‍ മുടക്കിയ പരസ്യത്തിലൂടെ സര്‍ക്കാര്‍ വിശദീകരിക്കുന്നു. പ്രചാരണമെന്ത്, സത്യമെന്ത് എന്നാണ് പരസ്യത്തിന്റെ തലക്കെട്ട്.