വിജിലന്‍സ് ഡയറക്ടരും ധനകാര്യസെക്രട്ടറിയും തമ്മിലെ പോര് തീരുന്നില്ല. തനിക്കെതിരായ അനധികൃത സ്വത്ത് കേസ് അന്വേഷണത്തിന്റെ മറവില്‍ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്ന് ധനകാര്യസെക്രട്ടറി കെഎം എബ്രഹാം വിമര്‍ശിക്കുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്കും ആഭ്യന്തര സെക്രട്ടറിക്കും അയച്ച കത്തിലാണ് കുറ്റപ്പെടുത്തല്‍ . മുംബെയിലെ തന്റെയും ബന്ധുക്കളുടേയും വസ്തുവകകള്‍ പരിശോധിക്കാന്‍ അനുമതി നിഷേധിക്കുന്നു, മുംബെയിലേക്ക് പരിശോധനക്ക് പോകാന്‍ വിജിലന്‍സിന് ഫണ്ട് നല്‍കുന്നില്ല എന്നൊക്കെയുള്ള പ്രചാരണങ്ങള്‍ ചിലമാധ്യമങ്ങളിലൂടെ നടക്കുന്നു. ഇത് ശരിയല്ല. രഹസ്യ സ്വഭാവമുണ്ടാകേണ്ട വിജിലന്‍സ് അന്വേഷണത്തിന്റെ വിവരങ്ങള്‍ അപ്പപ്പോള്‍ മാധ്യമങ്ങള്‍ക്ക് ചോരുന്നുണ്ടെന്നും എബ്രഹാം വിമര്‍ശിക്കുന്നു .
മുംബെയിലുള്ള വസ്തുവകകള്‍ എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാമെന്നും അന്വേഷണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും കത്തിലാവശ്യപ്പെട്ടു. നേരത്തെ കെഎം എബ്രഹാമിന്റെ തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തിയത് വന്‍വിവാദമായിരുന്നു. വിജിലന്‍സ് നടപടിയെ വിമര്‍ശിച്ച കെഎം എബ്രഹാം തനിക്കെതിരായ പരാതികള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പരിശോധന നടത്തിയ എസ്പിയോട് വിജിലന്‍സ് വിശദീകരണവും തേടി. അതിനിടെ കഴിഞ്ഞ ദിവസം മറ്റൊരു പരാതിയില്‍ കെഎം എബ്രഹാമിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ ത്വരിത പരിശോധനക്ക് ഉത്തരവിട്ടു. തൊട്ടുപിന്നാലെയാണ് വിജിലന്‍സിനെതിരെ എബ്രഹാം രംഗത്തെത്തുന്നത്.
