ബാർ കോഴ ആരോപണത്തെ തുടർന്ന്, ബിജു രമേശിനെതിരെ നൽകിയ മാനനഷ്ടക്കേസിൽ ആദ്യം കെഎം മാണി ആവശ്യപ്പെട്ടത് 10 കോടി രൂപ. കോർട്ട് ഫീസിൻറെ ആദ്യ ഗഡുവായ 1,72,000 രൂപ കോടതിയിൽ കെട്ടിവയ്ക്കുകയും ചെയ്തു. 

ഈയിനത്തിൽ ഇനിയും 15 ലക്ഷം രൂപയോളം മാണി കെട്ടിവയ്ക്കണം. ഇതിനിടയിലാണ് നഷ്ടപരിഹാരം, പത്ത് കോടിയിൽ നിന്ന് 20 ലക്ഷമായി കുറയ്ക്കാൻ മാണിതന്നെ ആവശ്യപ്പെട്ടത്. ആരോപണം കടുത്ത അപമാനം ഉണ്ടാക്കിയെങ്കിലും നഷ്ടപരിഹാരത്തുക കുറയ്ക്കണമെന്നാണ് ആവശ്യം. 

കാരണമെന്താണെന്ന് ഹർജിയിൽ വ്യക്തമാക്കുന്നില്ല. കോർട്ട് ഫീയായി കെട്ടിവയ്ക്കുന്ന വൻ തുക പിന്നീട് പ്രശ്നമാകാതിരിക്കാനാണ് നടപടിയെന്നാണ് സംശയം. അതല്ല, മാനനഷ്ടക്കേസിൽ നിന്ന് പതിയെ പിന്മാറാനാണ് മാണിയുടെ ശ്രമമെന്നും സൂചനയുണ്ട്. അതിനിടെ, കെ എം മാണിക്കെതിരായ ബാർ കോഴക്കേസിൽ വിജിലൻസ് തൽസ്ഥിതി റിപ്പോർട്ട് ഇന്ന് കോടതിയിൽ നൽകി. 

കേസുമായി ബന്ധപ്പെട്ട് 7 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും 28 രേഖകള്‍ പരിശോധിക്കുകയും ചെയ്തുവെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന വിജലന്‍സിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു.