കോട്ടയം: കേരള കോൺഗ്രസിന്‍റെ അജണ്ട അംഗീകരിക്കുന്ന പാർട്ടികളുമായി സഖ്യമുണ്ടാക്കുമെന്ന് കെ.എം മാണി. മുന്നണി മാറ്റം സംബന്ധിച്ച പ്രഖ്യാപനം സമയമാകുമ്പോൾ വ്യക്തമാക്കാമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. കേരളകോൺഗ്രസിന്റെ മഹാസമ്മേളനത്തിന് കോട്ടയത്ത് ആരംഭിച്ചു. മുന്നണി പ്രവേശനം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ തർക്കം രൂക്ഷമായിരിക്കെ കെ എം മാണിയും പിജെ ജോസഫും ഒരുമിച്ചാണ് മഹാസമ്മേളനത്തിന്റെ പാതക ഉയർത്താനെത്തിയത്. 

വൈസ് ചെയർമാൻ സി എഫ് തോമസ്, മോൻസ് ജോസഫ് എംഎൽഎ എന്നിവരെയും ഒപ്പം കൂട്ടിയാണ് മാണി മാധ്യമങ്ങളെ കണ്ടത്. പാർട്ടിയിൽ ഭിന്നാഭിപ്രായമുണ്ടോയെന്ന ചോദ്യത്തിന് ഈ നിര ചൂണ്ടിക്കാട്ടിയായിരുന്നു കെ എം മാണിയുടെ മറുപടി. മുന്നണി പ്രവേശനം സംബന്ധിച്ച് മഹാസമ്മേളനത്തിൽ പ്രഖ്യാപനമുണ്ടാകില്ലെന്ന് ആവർത്തിച്ച മാണി എല്ലാ മുന്നണിയിൽ നിന്നും ക്ഷണമുണ്ടെന്നും വെളിപ്പെടുത്തി

ഒറ്റക്ക് നിൽക്കാനുള്ള തീരുമാനം പുനപരിശോധിക്കുമെന്ന് പ്രഖ്യാപിച്ചാണ് മഹാസമ്മേളനം നിശ്ചയിച്ചതെങ്കിലും തീരുമാനം എടുക്കാൻ മാണിക്ക് കഴിഞ്ഞില്ല. 16ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ മുന്നണിപ്രവേശനം സംബന്ധിച്ച വ്യക്തത വേണമെന്ന നേതാക്കൾ ആവശ്യപ്പെടുമെന്നാണ് സൂചന. മാണിക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത പി.ജെ. ജോസഫ് പക്ഷെ ഒന്നും മിണ്ടിയില്ല.