കൊച്ചി: കൊച്ചി മെട്രോയിലെ കോണ്‍ഗ്രസിന്റെ ജനകീയ യാത്രയെക്കുറിച്ച് കെ.എം.ആര്‍.എല്‍ ആഭ്യന്തര അനേഷണം നടത്തുന്നു. ഇതിനായി ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി വേണോ എന്ന് പരിശോധിക്കും. കേസെടുക്കണമെങ്കില്‍ മെട്രോ പൊലീസിന് ശുപാര്‍ശ ചെയ്യും, ആലുവയില്‍ നിന്ന് പാലാരിവട്ടത്തേക്ക് ടിക്കറ്റ് എടുത്ത ശേഷം നിരവധി പ്രവര്‍ത്തകര്‍ ഇടക്കുള്ള സ്റ്റേഷനുകളില്‍ ഇറങ്ങി. ഉമ്മന്‍ ചാണ്ടി കയറിയിട്ടില്ലെന്നറിഞ്ഞാണ് ഇറങ്ങിയത്. അതിനുശേഷം മറ്റൊരു ട്രെയിനില്‍ യാത്ര തുടര്‍ന്നെന്നുമാണ് പ്രാഥമിക കണ്ടെത്തല്‍.

അതേസമയം, ജനകീയ മെട്രോ യാത്രയില്‍ മറ്റ് യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ ജനകീയ മെട്രോ യാത്രയിൽ കൊച്ചി മെട്രോ സംവിധാനങ്ങൾ താറുമാറായിരുന്നു.

മെട്രോ ഉദ്ഘാടനച്ചടങ്ങും ആദ്യയാത്രയും രാഷ്ട്രീയവത്കരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു യുഡിഎഫിന്‍റെ മെട്രോ യാത്ര. എന്നാൽ പ്രവർത്തകർ കൂട്ടമായി മുദ്രാവാക്യം വിളിച്ചും പ്രകടനമായും ആലുവയിലെയും പാലാരിവട്ടെത്തെയും സ്റ്റേഷനിലെത്തിയതോടെ സുരക്ഷ സംവിധാനങ്ങൾ താറുമാറായി. ടിക്കറ്റ് സ്കാൻ ചെയ്ത് മാത്രം പ്ലാറ്റ്ഫോമിലേക്ക് കടത്തിവിടേണ്ട ഓട്ടോമാറ്റിക് ടിക്കറ്റ് ഗേറ്റുകൾ തിരക്ക് നിമിത്തം തുറന്നിടേണ്ടയും വന്നു. യാത്രയ്ക്കിടെ മെട്രോ ട്രെയിനിൽ വച്ചും പ്രവർത്തകർ മുദ്രാവാദ്യം വിളിച്ചു.

മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും സ്റ്റേഷൻ പരിസരത്തും പ്രകടനം നടത്തുന്നത് ആയിരം രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയാൽ 500 രൂപ പിഴയും നൽകണം. ജനകീയ യാത്രയ്ക്കിടെ സാധാരണ യാത്രക്കാർക്ക് പ്ലാറ്റ്ഫോമിൽ നിൽക്കാൻ പോലും ഇടം ലഭിച്ചിരുന്നില്ല. തിരക്ക് നിമിത്തം ഉമ്മൻ ചാണ്ടിക്ക് ചെന്നിത്തലയ്ക്കൊപ്പം ട്രെയിനിൽ കയറാനുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുറ്റക്കാർക്ക് എതിരെ നടപടി എടുക്കാൻ കെഎംആർഎൽ ഒരുങ്ങുന്നത്.