തിരുവനന്തപുരം: ഇന്ത്യയെ സംബന്ധിച്ച് മതേതരത്വത്തിന്റെ ചരിത്രത്തിന് വലിയ അപകടം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ചരിത്രകാരന്മാര്‍ക്കു മാത്രമല്ല രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം ശബ്ദമുയര്‍ത്തേണ്ട സാഹചര്യമുണ്ടെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍. നമ്മുടെ രാഷ്ട്രം നേരിട്ടു കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ചില പുരസ്‌കാരങ്ങള്‍ വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു. വക്കം മൗലവി പഠന ഗവേഷണ കേന്ദ്രം ഏര്‍പ്പെടുത്തിയ മൂന്നാമത് വക്കം മൗലവി പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രകാരന്‍ എന്നതു മാത്രമല്ല, ചരിത്രത്തെ എന്തിനു വേണ്ടി ഉപയോഗിച്ചു എന്നതും പ്രധാനമാണ്. ചരിത്രം ജനങ്ങളില്‍ നിന്നു മാറിനില്‍ക്കുന്ന ഒന്നല്ല, അതു ജനങ്ങളുടേതാണ്. ഇന്ത്യയുടെ ആത്മാവ് എന്നു ലോകം വിശേഷിപ്പിച്ചത് മതനിരപേക്ഷ മൂല്യത്തെയാണ്. അത് ഉള്‍ക്കൊണ്ട വ്യക്തി എന്ന നിലയ്ക്ക് പുരസ്‌കാരം ഏറ്റുവാങ്ങുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു.

തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ നടന്ന സമര്‍പ്പണ ചടങ്ങില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പുരസ്‌കാരങ്ങള്‍ തിരസ്‌കരിക്കുന്നതു രാഷ്ട്രീയ പ്രവര്‍ത്തനമാകുന്ന കാലത്ത് കെ എന്‍ പണിക്കര്‍ക്കു നല്‍കിയ പുരസ്‌കാരത്തിനും, അസുഖം മൂലം പ്രയാസപ്പെടുന്ന സാഹചര്യത്തിലും നേരിട്ടു വന്ന് അദ്ദേഹം അതു സ്വീകരിച്ചതിലും വലിയ രാഷ്ട്രീയമുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു.

ചരിത്ര പണ്ഡിതന്‍ ഡോ. കെ എന്‍ പണിക്കര്‍, ഇസ്ലാമിക പണ്ഡിതന്‍ എ അബ്ദുസ്സലാം സുല്ലമി എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചത്. അബ്ദുസ്സലാം സുല്ലമിക്കു വേണ്ടി എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സഹോദരി എ ജമീല ടീച്ചര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. വക്കം മൗലവി പഠനകേന്ദ്രം ചെയര്‍മാന്‍ മുജീബ് റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷനായിരുന്നു. വക്കം മൗലവി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സുഹൈര്‍ അബ്ദുല്‍ ഖാദര്‍, എ ജമീല ടീച്ചര്‍, ബി പി എ ഗഫൂര്‍, ഖദീജ നര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. മുജീബ് റഹ്മാന്‍ കിനാലൂര്‍ എഴുതിയ വക്കം മൗലവിയുടെ ജീവചരിത്രം, 'പൗരോഹിത്യം വേണ്ട' കെ എന്‍ പണിക്കരും ഡോ. തോമസ് ഐസക്കും ചേര്‍ന്ന് പ്രകാശനം ചെയ്തു.

അനുബന്ധമായി നടന്ന സാംസ്‌കാരിക സംവാദത്തില്‍ അശ്‌റഫ് കടയ്ക്കല്‍, ഡോ. ഐ പി അബ്ദുസ്സലാം, വി കെ ആസിഫലി എന്നിവര്‍ സംസാരിച്ചു. പഠനകേന്ദ്രം സെക്രട്ടറി ടി വി അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും കെ ടി അന്‍വര്‍ സാദത്ത് നന്ദിയും പറഞ്ഞു. മതേതര ബഹുസ്വര സമൂഹത്തില്‍ വക്കം മൗലവിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും സാമൂഹിക നവോത്ഥാനം ലക്ഷ്യമിട്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയുമാണ് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വക്കം മൗലവി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുഖ്യ ലക്ഷ്യം.