കൊച്ചി: കുടിശ്ശിക നല്‍കിയില്ലെങ്കില്‍ കൊച്ചി കോര്‍പ്പറേഷനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്ന് കരാറുകാരുടെ സംഘടന കൊച്ചി കോര്‍പ്പറേഷന്‍ കോണ്‍ട്രാക്ടേഴ്‌സ് അസ്സോസിയേഷന്‍ അറിയിച്ചു. ഇന്നത്തെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പരിഹാരമായില്ലെങ്കില്‍ കടുത്ത നിലപാടെടുക്കുമെന്നാണ് കരാറുകാരുടെ മുന്നറിയിപ്പ്. 76 കോടി രൂപയാണ് കുടിശ്ശിക.

കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ 74 ഡിവിഷനിലെ പൊതുമരാമത്ത് ജോലികള്‍ ഏറ്റെടുത്ത കരാറുകാര്‍ക്കാണ് വന്‍തുക കോര്‍പ്പറേഷന്‍ കുടിശ്ശിക ഇനത്തില്‍ കൊടുത്ത് തീര്‍ക്കാനുള്ളത്. 2015 നവംബര്‍ മുതലുള്ള കുടിശ്ശികയാണിത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 56 കോടി രൂപയായിരുന്നു കുടിശ്ശിക. തനത് ഫണ്ടിലുള്ളതിനേക്കാള്‍ അധികം തുക കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ നല്‍കുന്നുവെന്ന ആരോപണമാണ് കരാറുകാര്‍ ഉന്നയിക്കുന്നത്. 

നിലവില്‍ ജിഎസ്ടിയിലുള്ള തര്‍ക്കം കാരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കരാറുകാരുടെ ടെന്‍ഡര്‍ ബഹിഷ്‌കരണ നടപടികള്‍ തുടരുകയാണ്. കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ബുധനാഴ്ച മുതല്‍ കൊച്ചി കോര്‍പ്പറേഷനിലെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനാണ് കരാറുകാരുടെ തീരുമാനം. കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയുണ്ടാവുമെന്നാണ് കോര്‍പ്പറേഷന്റെ പ്രതികരണം. കരാറുകാര്‍ ബില്ല് നല്‍കിയത് 40 കോടി രൂപയുടേതാണ്. ബാക്കി തുകയുടെ ബില്ല് പോലും കിട്ടിയിട്ടില്ലെന്നും കോര്‍പ്പറേഷന്‍ വിശദീകരിക്കുന്നു